ഐആര്‍സിടിസി വെബ് സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതം: ദീപാവലിക്ക് മുന്നോടിയായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞ് ഉപയോക്താക്കള്‍
ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാരാണ് ടിക്കറ്റ് ബുക്കിംഗില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്;
മുംബൈ: ഐആര്‍സിടിസി വെബ് സൈറ്റും മൊബൈല്‍ ആപ്പും പ്രവര്‍ത്തനരഹിതമായതോടെ ദീപാവലിക്ക് മുന്നോടിയായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകാതെ വലഞ്ഞ് ഉപയോക്താക്കള്‍. വെള്ളിയാഴ്ച ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ട്രെയിന്‍ യാത്രക്കാരാണ് ടിക്കറ്റ് ബുക്കിംഗില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്. ദീപാവലിക്ക് യാത്ര ചെയ്യാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ തടസം ഏറ്റവും കൂടുതലായി ബാധിച്ചത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി) വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ആണ് തടസ്സം നേരിട്ടത്. ഡൗണ്‍ഡിറ്റക്ടറിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ സമയം രാവിലെ 10:00 മണിക്ക് ശേഷം ആരംഭിച്ച് ഉച്ചകഴിഞ്ഞും തടസ്സം തുടര്‍ന്നതായാണ് അറിയുന്നത്. പല ഉപയോക്താക്കളും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്തതിലുള്ള ആശങ്കയും വിമര്‍ശനങ്ങളും പങ്കുവച്ചു.
40 ശതമാനം ഉപയോക്താക്കള്‍ക്ക് ഐആര്‍സിടിസി വെബ് സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും 37 ശതമാനം പേര്‍ക്ക് മൊബൈല്‍ ആപ്പില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. 14 ശതമാനം ഉപയോക്താക്കള്‍ക്ക് ടിക്കറ്റിംഗ് തടസ്സപ്പെട്ടു, ഇത് ഒന്നിലധികം പ്ലാറ്റ് ഫോമുകളിലുടനീളമുള്ള തടസത്തെ സൂചിപ്പിക്കുന്നു.
ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ, അഹമ്മദാബാദ്, കൊല്‍ക്കത്ത, നാഗ്പൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് തടസ്സം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 6,000-ത്തിലധികം ഉപയോക്താക്കള്‍ ഡൗണ്‍ഡിറ്റക്ടര്‍ വഴി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐആര്‍സിടിസിയുടെ ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവിനെയാണ് ഇത് കാണിക്കുന്നത്.
അവധിക്കാല കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തി. ടിക്കറ്റ് എടുക്കുന്ന പ്രക്രിയയില്‍ വെബ്‌സൈറ്റ് ലോഡ് ചെയ്യുന്നില്ലെന്നാണ് പലരുടേയും പരാതി.
വെള്ളിയാഴ്ച ഉച്ചയോടെയും മിക്ക ഉപയോക്താക്കള്‍ക്കും ഐആര്‍സിടിസി വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോഗിന്‍ ചെയ്യാനോ ട്രെയിനുകള്‍ക്കായി തിരയാനോ ശ്രമിക്കുമ്പോള്‍ പിശക് സന്ദേശങ്ങള്‍ കാണിക്കുന്നതായും മൊബൈല്‍ ആപ്പ് വലിയതോതില്‍ പ്രതികരിക്കുന്നില്ലെന്നുമാണ് യാത്രക്കാരുടെ പരാതി.
ആളുകള്‍ ദീപാവലി യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന സമയത്താണ് ടിക്കറ്റ് ബുക്കിംഗില്‍ തടസ്സം നേരിട്ടത്. എന്നാല്‍ തടസ്സം നേരിടുന്നതിന്റെ കാരണത്തെക്കുറിച്ചോ സേവനം പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമത്തെക്കുറിച്ചോ ഐആര്‍സിടിസി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നല്‍കിയിട്ടില്ല.