ചന്ദ്രനിലെ സൂര്യാസ്തമയം: 'ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

Update: 2025-03-22 07:26 GMT

കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയര്‍ഫ് ളൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍' എടുത്ത സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ-ഡെഫനിഷന്‍ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ക്ക് ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സൂചനകള്‍ നല്‍കാന്‍ കഴിയുമെന്ന വിലയിരുത്തലുകളിലാണ് ശാസ്ത്രലോകം.

ടെക്‌സസ് കമ്പനിയായ ഫയര്‍ഫ് ളൈ എയ്റോസ്പേസുമായി സഹകരിച്ച് നടത്തിയ 14 ദിവസത്തെ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാസ ചിത്രങ്ങള്‍ അവതരിപ്പിച്ചത്.

മാര്‍ച്ച് 14-ന് ഭൂമി ചന്ദ്രന്റെ ചക്രവാളത്തില്‍ നിന്ന് സൂര്യനെ മറച്ചപ്പോള്‍ നടന്ന പൂര്‍ണ്ണ ഗ്രഹണത്തിന്റെ ഹൈ-ഡെഫനിഷന്‍ ചിത്രങ്ങളും ബ്ലൂ ഗോസ്റ്റിലെ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. അതിശയിപ്പിക്കുന്ന ഫോട്ടോകള്‍ പകര്‍ത്തുന്നതിനൊപ്പം, ബഹിരാകാശ കാലാവസ്ഥയും മറ്റ് പ്രപഞ്ച ശക്തികളും നമ്മുടെ ഗ്രഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചുള്ള വിപുലമായ ഡാറ്റയും ലാന്‍ഡര്‍ ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മേര്‍ ക്രിസിയത്തിലെ അഗ്‌നിപര്‍വ്വത രൂപീകരണമായ മോണ്‍സ് ലാട്രെയ്ലിന് സമീപം മാര്‍ച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡ് ചെയ്തത്. ചെലവ് കുറയ്ക്കുന്നതിനും 2027-ല്‍ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റര്‍മാരില്‍ നാസ നടത്തിയ 2.6 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ദൗത്യം. 2025 മാര്‍ച്ച് 2-ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവര്‍ത്തിച്ച് ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ദൗത്യം പൂര്‍ത്തിയാക്കുകയും ചെയ്തു.

പടിഞ്ഞാറോട്ട് എടുത്ത രണ്ട് ചിത്രങ്ങളും ഭൂമിയെയും ശുക്രനെയും കൂടി ദൃശ്യമാകുന്ന വിധത്തില്‍ എടുത്തതാണ്. ഈ ചിത്രങ്ങള്‍ സൂര്യന്‍ പകുതിയോളം അസ്തമിക്കുന്ന സമയത്ത് ചന്ദ്രന്റെ ചക്രവാളത്തില്‍ പ്രകാശം വ്യാപിക്കുന്നത് കാണിക്കുന്നു.

'സൂര്യന്‍ അസ്തമിക്കുകയും പിന്നീട് ചക്രവാളത്തില്‍ ഇരുട്ടിലേക്ക് പോകുകയും ചെയ്യുന്നതിന്റെ ആദ്യ ഹൈ-ഡെഫനിഷന്‍ ചിത്രങ്ങളാണിത്,'- എന്ന് നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ പര്യവേക്ഷണ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായ ജോയല്‍ കിയേണ്‍സ് പറഞ്ഞു.

ചന്ദ്ര ചക്രവാള തിളക്കം ആദ്യമായി രേഖപ്പെടുത്തിയത് 1972-ല്‍ അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ യാത്രികന്‍ യൂജിന്‍ സെര്‍നാന്‍ ആണ്. തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍ ചന്ദ്രന്റെ നേര്‍ത്ത അന്തരീക്ഷത്തിലെ ചെറിയ പൊടിപടലങ്ങള്‍ ചന്ദ്രോദയത്തിലും സൂര്യാസ്തമയത്തിലും തിളങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന നിഗമനത്തിലെത്തി. അതേസമയം മറ്റ് ചില സിദ്ധാന്തങ്ങള്‍ കണികകള്‍ ഉയര്‍ന്നു പൊങ്ങി എന്നാണ് സൂചിപ്പിക്കുന്നത്.

നാസയുടെ കൊമേഴ്സ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് (സി.എല്‍.പി.എസ്) പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ബ്ലൂ ഗോസ്റ്റിന്റെ ദൗത്യം, ചന്ദ്ര സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പത്ത് ശാസ്ത്രീയ പരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

എല്ലാ പ്രാഥമിക ലക്ഷ്യങ്ങളും നേടിയെങ്കിലും, ഓണ്‍ബോര്‍ഡ് ഡ്രില്‍ ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല, ആസൂത്രണം ചെയ്ത പത്തിന് പകരം മൂന്ന് അടി മാത്രമാണ് തുളച്ചുകയറിയത്. ഈ പരിമിതി ഉണ്ടായിരുന്നിട്ടും, ബ്ലൂ ഗോസ്റ്റിന്റെ വിജയകരമായ ലാന്‍ഡിംഗും പ്രവര്‍ത്തനങ്ങളും സ്വകാര്യ ബഹിരാകാശ പര്യവേക്ഷണത്തിന് ഒരു പ്രധാന നേട്ടമായി ശാസ്ത്രജ്ഞന്‍മാര്‍ അടയാളപ്പെടുത്തുന്നു.

ഭാവിയില്‍, രണ്ടാഴ്ചത്തെ ചാന്ദ്ര രാത്രിക്ക് ശേഷം ഏപ്രില്‍ ആദ്യം ബ്ലൂ ഗോസ്റ്റിനെ വീണ്ടും സജീവമാക്കാന്‍ ഫയര്‍ഫ് ളൈ എയ് റോസ് പേസ് പദ്ധതിയിടുന്നു. എന്നിരുന്നാലും, ചന്ദ്രനില്‍ പ്രതീക്ഷിക്കുന്ന അതിശൈത്യം കാരണം അതിന്റെ പുനരുജ്ജീവന സാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ക്ക് സംശയമുണ്ട്.

ഭാവിയിലെ വാണിജ്യ ചാന്ദ്ര ശ്രമങ്ങള്‍ക്ക് ഈ ദൗത്യം ഒരു മാതൃക സൃഷ്ടിച്ചുവെന്ന് മാത്രമല്ല, നമ്മുടെ ആകാശ അയല്‍ക്കാരനെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണത്തിന് പുതിയ വഴികള്‍ തുറക്കുകയും ചെയ്തു.

Similar News