സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം: എസ്.ബി.ഐ, കാനറ ബാങ്ക് എന്നിവയ്ക്ക് പിന്നാലെ മിനിമം ബാലന്‍സ് ചാര്‍ജ് നീക്കം ചെയ്ത് പിഎന്‍ബിയും
എല്ലാ ബാലന്‍സ് സ്ലാബുകളിലുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശാ നിരക്കുകളും പിഎന്‍ബി കുറച്ചിട്ടുണ്ട്;
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയ്ക്ക് പിന്നാലെ മിനിമം ബാലന്‍സ് ചാര്‍ജ് നീക്കം ചെയ്ത് പിഎന്‍ബിയും. ഇതോടൊപ്പം എല്ലാ ബാലന്‍സ് സ്ലാബുകളിലുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശാ നിരക്കുകളും പിഎന്‍ബി കുറച്ചിട്ടുണ്ട്.
2025 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പിഎന്‍ബി ഒരു പ്രസ്താവനയില്‍ പറഞ്ഞു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍ഗണനാ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും പിഎന്‍ബി പ്രസ്താവനയില്‍ വ്യക്തമാക്കി. പലിശാ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്.
2020 മുതല്‍ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന എസ്.ബി.ഐയും ഒഴിവാക്കിയിട്ടുണ്ട്. സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ഇനി പിഴ ചുമത്തില്ല.
കാനറാ ബാങ്കാണ് മിനിമം ബാലന്‍സ് നിബന്ധന ആദ്യം ഒഴിവാക്കിയത്. 2025 മെയ് മാസത്തില്‍, കാനറ ബാങ്ക് എല്ലാത്തരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും, സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍, ശമ്പള അക്കൗണ്ടുകള്‍, എന്‍ആര്‍ഐ സേവിംഗ്‌സ് അക്കൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ, ശരാശരി പ്രതിമാസ ബാലന്‍സ് (AMB) നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ജൂലായ് ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. പിന്നാലെ ഇന്ത്യന്‍ ബാങ്കും തീരുമാനവുമായി രംഗത്തെത്തി. ജൂലായ് ഏഴുമുതലാണ് ഇന്ത്യന്‍ ബാങ്ക് ഇത് നടപ്പാക്കുന്നത്.
എസ്.ബി.ഐ ഒഴികെയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാമായി വര്‍ഷം ശരാശരി 1,700 കോടി രൂപയ്ക്കടുത്താണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ വരുമാനമായി ലഭിച്ചിരുന്നത്. 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ചുവര്‍ഷ കാലയളവില്‍ ആകെ 8,495 കോടിരൂപയായിരുന്നു ഇത്തരത്തില്‍ പിഴയായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത്. കേന്ദ്രധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ച കണക്കുകളാണിത്.