ട്രാക്ക് ഉണര്‍ന്നു; റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടക്കം
റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് മുന്നോടിയായി നടന്ന ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിച്ച് ദേശീയ വടംവലി താരം പി. അഭിനി ദീപശിഖ കൈമാറുന്നു
നീലേശ്വരം: റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് ആവേശകരമായ തുടക്കം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാനം ഗവ. ഹൈസ്‌കൂളാണ് ഇത്തവണ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. ഇവിടത്തെ കായിക താരങ്ങളുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണമായി സ്റ്റേഡിയത്തില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ നടത്തിപ്പുകാരായ ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ദീപശിഖ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള ബാനത്തെ അധികൃതരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കൂവാറ്റി, കാലിച്ചാനടുക്കം, ഇടത്തോട്, പരപ്പ തുടങ്ങിയ വിദ്യാലയങ്ങളിലെ സ്വീകരണത്തിന് ശേഷം ബാനം ഗവ. ഹൈസ്‌കൂളില്‍ എത്തിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ദേശീയ വടംവലി താരം പി. അഭിനി ദീപശിഖ കായികതാരങ്ങള്‍ക്ക് കൈമാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരപ്പ കോടോം-ബേളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഗോപാലകൃഷ്ണന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എ.ആര്‍ വിജയകുമാര്‍, പി. രാജീവന്‍, അജിത മോഹന്‍, സി. കോമളവല്ലി, പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍, പ്രവീണ്‍ പൂങ്ങോട് എന്നിവര്‍ സംസാരിച്ചു. ഇ.എം.എസ് സ്റ്റേഡിയത്തില്‍ പി.പി ബാബുരാജ്, നികേഷ് കുമാര്‍ മാടായി, കെ. അരുണ്‍കുമാര്‍ എന്നിവര്‍ ദീപശിഖയെ സ്വീകരിച്ചു.