മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍; കഠിനാധ്വാനത്തിന് തേടി വന്ന അംഗീകാരം

By :  Sub Editor
Update: 2025-10-11 07:57 GMT

കാസര്‍കോട്: കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ നായക പദവി കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ അത് കാസര്‍കോടിന് അതിരറ്റ് അഭിമാനിക്കാനുള്ള മറ്റൊരു മുഹൂര്‍ത്തമായി. ജില്ലയില്‍ നിന്ന് പലരും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി പാഡ് അണിഞ്ഞിട്ടുണ്ടെങ്കിലും നായക പദവി തേടിയെത്തുന്നത് ക്രിക്കറ്റില്‍ കാസര്‍കോടിന്റെ എക്കാലത്തെയും അഭിമാനമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കരങ്ങളിലേക്ക് മാത്രമാണ്. കേരള ക്രിക്കറ്റ് ലീഗിലും പലതവണ ദുലീപ് ട്രോഫിയിലും ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും മുഹമ്മദ് അസ്ഹറുദ്ദീന്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിനുള്ള പാരിതോഷികം കൂടിയായി ഈ നായകപദവി.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ കേരള ടീമിന്റെ അമരത്തെത്തുമ്പോള്‍ അസ്ഹറുദ്ദീനില്‍ കേരള ക്രിക്കറ്റിനുള്ള പ്രതീക്ഷയും വിശ്വാസവും വളരുകയാണ്. അസ്ഹറുദ്ദീന് ഇത് കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും അര്‍ഹതപ്പെട്ട അംഗീകാരമാണ്. തളങ്കര ടി.സി.സി ക്രിക്കറ്റ് ക്ലബ്ബിലൂടെ കളിച്ചുവളര്‍ന്ന അസ്ഹറുദ്ദീന്റെ നായകപദവിയില്‍ നാടൊന്നടങ്കം ആഘോഷത്തിമിര്‍പ്പിലാണ്.

തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ കാറ്റഗറി ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രഞ്ജിയില്‍ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച 10 വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ അസ്ഹറും എന്നും ഉണ്ടായിരുന്നു. ഐ.പി.എല്ലില്‍ വിരാട് കോലിയുടെ ആര്‍.സി.ബിയില്‍ അവസരം ലഭിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്ലെയിന്‍ ഇലവനില്‍ കളിക്കാന്‍ അസ്ഹറിന് സാധിച്ചില്ല.

ഈയടുത്ത് കഴിഞ്ഞ ദുലീപ് ട്രോഫിയിലൂടെയാണ് ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ള ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എന്ന പദവിയിലേക്ക് അസ്ഹര്‍ എത്തുന്നത്. അസ്ഹറിലെ നായക മികവ് കണ്ട സെലക്ടര്‍മാര്‍ ഈ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ കേരള ടീമിന്റെ മുഴുനീള ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി അണിയാന്‍ തങ്ങളുടെ പ്രിയപ്പെട്ട അജുവിന് കഴിയട്ടെ എന്നാണ് ടി.സി.സി തളങ്കരയുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനയെന്ന് ടി.സി.സിയുടെ പ്രധാന സാരഥികളിലൊരാളായ പി. മാഹിന്‍ മാസ്റ്റര്‍ പറഞ്ഞു.

Similar News