കളിയഴകില്‍ കേരളത്തിലകമായി മാളവിക; ദേശീയ സീനിയര്‍ വനിതാ ടീമില്‍ മലയാളി ഇടംപിടിക്കുന്നത് കാല്‍ നൂറ്റാണ്ടിന് ശേഷം

By :  Sub Editor
Update: 2025-06-18 10:10 GMT

നീലേശ്വരം: കാല്‍ നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടുന്ന മലയാളി താരമായി നീലേശ്വരം സ്വദേശിനി പി. മാളവിക. ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടി മാളവിക സംസ്ഥാനത്തിന്റെ അഭിമാനമായി. 1999ല്‍ എറണാകുളം സ്വദേശിനി ബെന്‍ഡ്ല ഡിക്കോത്തക്ക് ശേഷം ആദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമിലെത്തുന്നത്. വലത് വിങ്ങില്‍ കളിക്കുന്ന മാളവിക ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. കക്കാട്ട് ജി.എച്ച്.എസ്.എസില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പന്തുതട്ടി തുടങ്ങിയത്. ഇന്ത്യന്‍ ജേഴ്‌സിയണിയണമെന്ന അടങ്ങാത്ത ആഗ്രഹവും അര്‍പ്പണബോധവും ഒടുവില്‍ ലക്ഷ്യം കണ്ടു. പരിശീലകനായ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് നിധീഷ് ബങ്കളത്തിന്റെ 'വുമണ്‍സ് ഫുട്‌ബോള്‍ ക്ലിനിക്കി'ലൂടെയാണ് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. അച്ഛന്റെ കൈപിടിച്ച് ഫുട്‌ബോളിന്റെ പടവുകള്‍ കയറുന്നതിനിടെ അദ്ദേഹം വിടവാങ്ങിയെങ്കിലും മകളുടെ സ്വപ്‌നങ്ങള്‍ക്ക് അമ്മ തണലൊരുക്കുകയായിരുന്നു. 2018ലും 2019ലും കേരള സബ് ജൂനിയര്‍ ടീമില്‍ ഇടം നേടിയ മാളവിക തുടര്‍ന്ന് അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പിലും ഉള്‍പ്പെട്ടു. ബംഗളൂരു മിസാക യുണൈറ്റഡ്, ട്രാവന്‍കൂര്‍ എഫ്.സി, കെമ്പ് എഫ്.സി, കൊല്‍ക്കത്തയിലെ റെയിന്‍ബോ അത്ലറ്റിക് ക്ലബ്ബ്, കേരള ബ്ലാസ്റ്റേഴ്സ് ടീമുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് സേതു എഫ്.സിയുടെ ഭാഗമായി. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ വനിതാ ലീഗില്‍ തമിഴ്‌നാട് ക്ലബിനായി നടത്തിയ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടു. മികച്ച വനിതാ താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരവും തേടിയെത്തി. ഉസ്ബെക്കിസ്താനെതിരായ സൗഹൃദമത്സരത്തില്‍ ഇന്ത്യക്കായി കളിച്ചു. തായ്ലാന്റിലാണ് ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയില്‍ 23ന് മംഗോളിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് തിമോര്‍ലെറ്റിനെയും ഇറാഖിനെയും തായ്ലാന്റിനെയും നേരിടും.

Similar News