കേരള ക്രിക്കറ്റ് ലീഗ് ലേലം 5ന്; അസ്ഹറുദ്ദീനെ ആലപ്പി റിപ്പിള്‍സ് 7.5 ലക്ഷം രൂപക്ക് നിലനിര്‍ത്തി

By :  Sub Editor
Update: 2025-07-02 07:49 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം അഞ്ചിന് നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും നാലു താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്നു താരങ്ങളെ നിലനിര്‍ത്തി. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ ഒരു താരത്തെയും നിലനിര്‍ത്തിയില്ല. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താനാവുക. കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തി. 7.5 ലക്ഷം രൂപയാണ് നല്‍കുക. ഐ.പി.എല്‍ താരലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാണ് 5ന് ലേലം നടക്കുക. ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാനാവുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉള്‍പ്പെടുത്തിയത്. എ വിഭാഗത്തില്‍പ്പെട്ട സച്ചിന്‍ ബേബി, എന്‍.എം ഷറഫുദ്ദീന്‍, ബി വിഭാഗത്തില്‍പ്പെട്ട അഭിഷേക് ജെ.നായര്‍, സി വിഭാഗത്തില്‍പ്പെട്ട ബിജു നാരായണന്‍ എന്നിവരെയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തിയത്. സച്ചിന്‍ ബേബിയെ 7.5 ലക്ഷത്തിനും ഷറഫുദ്ദീനെ 5 ലക്ഷത്തിനും മറ്റു രണ്ടുപേരെയും 1.5 ലക്ഷം രൂപക്കുമാണ് നിലനിര്‍ത്തിയത്. എ വിഭാഗത്തിലുള്ള മുഹമ്മദ് അസ്ഹറുദ്ദീന് പുറമെ അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, ബി വിഭാഗത്തില്‍പ്പെട്ട ടി.കെ. അക്ഷയ് എന്നിവരെയും ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ ഐ.പി.എല്ലില്‍ ശ്രദ്ധനേടിയ വിഘ്‌നേഷ് പുത്തൂരിനെ 3.75 ലക്ഷം രൂപയ്ക്കാണ് ടീം നിലനിര്‍ത്തിയത്. അക്ഷയ് ചന്ദ്രന് 5 ലക്ഷം രൂപയും അക്ഷയ്ക്ക് 1.5 ലക്ഷം രൂപയും ലഭിക്കും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് അന്‍ഫലിനെ 1.5 ലക്ഷം രൂപയ്ക്ക് നിലനിര്‍ത്തിയിട്ടുണ്ട്.

Similar News