അസ്ഹറുദ്ദീന്റെ അപ്രതീക്ഷിത റണ്ണൗട്ട് വിനയായി; ഒമാനെതിരായ രണ്ടാം ഏകദിനത്തില്‍ കേരളത്തിന് തോല്‍വി
ഒമാന്‍: ഒമാന്‍ ചെയര്‍മാന്‍സ് ഇലവനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തിളങ്ങിയങ്കിലും കേരളത്തിന് തോല്‍വി. ഒമാന്‍ ഉയര്‍ത്തിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കേരളം 48.2 ഓവറില്‍ 262ന് എല്ലാവരും പുറത്താവുകയായിരുന്നു. കേരളത്തിന് 32 റണ്‍സിന്റെ തോല്‍വി. കേരളത്തിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 73 പന്തില്‍ 63 റണ്‍സ് നേടി. ഗോവിന്ദ് ദേവ് 62 (76), സല്‍മാന്‍ നിസാര്‍ 58 (34) എന്നിവരും അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും കേരളത്തിന് വിജയിക്കാനായില്ല. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കേരളത്തിന് അസ്ഹറുദ്ദീന്റെ അപ്രതീക്ഷിത റണ്ണൗട്ടാണ് തിരിച്ചടിയായത്. പിന്നീട് സല്‍മാന്‍ നിസാര്‍ പോരാട്ടം ഏറ്റെടുത്തെങ്കിലും വിജയിക്കാനായില്ല. സല്‍മാനോടൊപ്പം ചേര്‍ന്ന് നിധീഷ് എം.ഡി 37 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ അസ്ഹറുദ്ദീന്‍-ഗോവിന്ദ് ദേവ് സഖ്യം 111 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ പൃത്വി മാച്ചിയുടെ (105) സെഞ്ച്വറിയുടെയും മുഹമ്മദ് നദീമിന്റെ (80) അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഒമാന്‍ മികച്ച സ്‌കോര്‍ നേടിയത്. ആദ്യ മത്സരത്തില്‍ കേരളം വിജയിച്ചിരുന്നു.