കാഞ്ഞങ്ങാട് നഗരത്തില്‍ നിയമം ലംഘിച്ചോടുന്ന വാഹനങ്ങള്‍
കാഞ്ഞങ്ങാട്: വാഹനങ്ങളുടെ തിരക്കും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള ഓട്ടവും നഗരത്തില്‍ അപകടങ്ങള്‍ പതിവാക്കുന്നു. ആറ് വരി പാതയുടെ വീതിയുള്ള റോഡെന്ന പ്രത്യേകതയുള്ള നഗരത്തിലാണ് അടിക്കടി അപകടങ്ങളുണ്ടാകുന്നത്. വാഹനങ്ങളുടെ അനിയന്ത്രിത ഓട്ടം കാരണം കാല്‍നട യാത്രയും റോഡ് കുറുകെ കടക്കലും ദുഷ്‌കരമാവുകയാണ്. സീബ്രാലൈനുകള്‍ മുറിച്ചു കടക്കുന്നതിനും യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. വേഗത കുറച്ച് ഓടാനുള്ള മുന്നറിയിപ്പ് കൂടി സീബ്രാലൈന്‍ നല്‍കുന്നുണ്ടെങ്കിലും ഇവിടെ ഇതൊന്നും പാലിക്കാതെ സീബ്രാലൈനിലെത്തുമ്പോള്‍ വേഗത കൂട്ടി ഓടുകയാണ് വാഹനങ്ങള്‍. പലപ്പോഴും സീബ്രാലൈന്‍ കടക്കുന്നതിനിടെയാണ് വാഹനങ്ങളിടിക്കുന്നത്. തെക്ക്-വടക്ക് ഭാഗത്തേക്ക് പോകേണ്ട മുഴുവന്‍ വാഹനങ്ങളും നഗരത്തിലൂടെ പോകുന്നത് കാരണമാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ രണ്ടു പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ പോകേണ്ട സംവിധാനങ്ങളുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ മുന്‍കൈയെടുക്കുന്നില്ല. പുതിയകോട്ട ഭാഗത്ത് നിന്ന് മാവുങ്കാല്‍, പെരിയ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ ശ്രീകൃഷ്ണ മന്ദിരം, ദുര്‍ഗ ഹൈസ്‌കൂള്‍ റോഡ് വഴി കോട്ടച്ചേരി കുന്നുമ്മല്‍ എത്തിയാല്‍ നഗരത്തില്‍ തിരക്ക് കുറയും. അതിഞ്ഞാല്‍, മാണിക്കോത്ത് പ്രദേശങ്ങളില്‍ നിന്ന് മാവുങ്കാല്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ നോര്‍ത്ത് കോട്ടച്ചേരിയിലെത്തി വെള്ളായി പാലം വഴി പോയാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയതോതില്‍ ഒഴിവാക്കാം. വാഹനങ്ങളുടെ തിരക്ക് കുറയുമ്പോള്‍ തന്നെ അപകടം ഒരു പരിധി വരെ കുറയും. സര്‍വീസ് റോഡുകളില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതും ദുരിതമാകുന്നു. ഇവിടങ്ങളിലെ ഓട്ടോകളുടെ അനധികൃത പാര്‍ക്കിങും വലിയ കുരുക്കാണുണ്ടാക്കുന്നത്. നഗരത്തിലൂടെ ചരക്ക് ലോറികള്‍ ഓടുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ചന്ദ്രഗിരി പാലം വഴി വരുന്ന ഇത്തരം വാഹനങ്ങള്‍ മഡിയന്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കോത്ത് വഴി മൂലക്കണ്ടം ദേശീയ പാതയിലേക്ക് തിരിച്ചുവിട്ടാല്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകാന്‍ കഴിയും. കുരുക്കിന് പരിഹാരവുമാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് മുന്നില്‍ വന്നിരുന്നെങ്കിലും തീരുമാനമാകാറില്ല.