ദേശീയപാതയില്‍ അപകടഭീതി ഒഴിയുന്നില്ല; പരിഹാര നടപടികളുമില്ല
കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാതയില്‍ അപകടഭീതി ഒഴിയുന്നില്ല. അപകടങ്ങളും അപകടമരണങ്ങളും തുടര്‍ക്കഥയാവുമ്പോഴും ശാശ്വത നടപടികള്‍ ഉണ്ടാവുന്നില്ല. ഇത് കൂടുതല്‍ ആശങ്കക്ക് ഇടയാക്കുകയാണ്. ദേശീയപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളില്‍ രണ്ടുഭാഗങ്ങളിലേക്കും ഡ്രൈവിംഗ് അനുവദിക്കുന്നുണ്ടെങ്കിലും ഏതുവശം വാഹനം ഓടിക്കണമെന്ന കാര്യത്തില്‍ പല ഡ്രൈവര്‍മാര്‍ക്കും നിശ്ചയമില്ല. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നത് മൂലം അപകടം പതിവാണ്. ഓവുചാല്‍ അടക്കം ആകെ അഞ്ചര മീറ്ററിലുള്ള സര്‍വീസ് റോഡിലാണ് വലിയ വാഹനങ്ങളടക്കം പലയിടങ്ങളിലും ഇരുഭാഗങ്ങളിലേക്കും കടന്നുപോവുന്നത്. എന്നാല്‍ അമിതഭാരവുമായുള്ള വലിയ വാഹനങ്ങള്‍ കടന്നുപോവുന്നത് ഓവുചാല്‍ സ്ലാബ് തകരാന്‍ കാരണമാവുമോ എന്നും ആശങ്കയുണ്ട്. ദേശീയപാതയിലേക്കുള്ള എക്‌സിറ്റ് പോയിന്റുകളില്‍ മിക്കയിടത്തും സര്‍വീസ് റോഡില്‍ നിന്ന് പാഞ്ഞുവരുന്ന വാഹനങ്ങളെ കാണാന്‍ ഇടയില്ല. ഇവിടങ്ങളിലും വലിയ അപകടസാധ്യതയുണ്ട്. അടിപ്പാതകളുള്ള ഇടങ്ങളില്‍ ഹമ്പുകളും ബാരിക്കേടുകളും വെച്ച് അപകട സാഹചര്യം കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും മതിയായ സ്ഥല സൗകര്യമില്ലാത്ത ഇവിടങ്ങളില്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടത്തിന് സാധ്യതയേറെയാണ്. സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാവുന്നു. മിക്കയിടങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ തോന്നിയപോലെ നിര്‍ത്തുന്നത് ഗതാഗതക്കുരുക്കിനൊപ്പം അപകടത്തിനും സാധ്യതയുണ്ടാക്കുന്നു.