ഉജ്ജ്വലം ഇഷാനയുടെ കരവിരുത്

By :  Sub Editor
Update: 2025-11-08 09:03 GMT

കാസര്‍കോട്: ഉജ്ജ്വലബാല്യം പുരസ്‌കാര നിറവില്‍ ഉദുമ പടിഞ്ഞാര്‍ അംബിക എ.എല്‍.പി സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇഷാന എസ്. പാല്‍. കുഞ്ഞുനാളുകളില്‍ ചുമരില്‍ ചിത്രം കോറിയിട്ടാണ് ഈ മിടുക്കി ചിത്രംവരയുടെ ലോകത്തേക്ക് കാലെടുത്തുവെച്ചത്. അമ്മ അവള്‍ക്ക് ചിത്രകലയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കി. 2019 മഴവില്ല് മലര്‍വാടി നടത്തിയ സംസ്ഥാനബാല ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയതാണ് ആദ്യനേട്ടം. തുടര്‍ന്ന് ജലഛായം, പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പേസ്റ്റ് എന്നിവയില്‍ മിക്കവാര്‍ന്ന വരകള്‍ കോറിയിട്ട് നിരവധി മത്സരങ്ങളില്‍ നേട്ടമുണ്ടാക്കി. 2024 വര്‍ഷത്തില്‍ നാഷണല്‍ ലെവല്‍, സ്റ്റേറ്റ് ലെവല്‍, ജില്ലാതല, ഉപജില്ലാതല മത്സരങ്ങളില്‍ മികവാര്‍ന്ന വിജയം നേടി. നിരവധി ക്വിസ് മത്സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടി. കഴിഞ്ഞ വര്‍ഷം മലര്‍വാടി സംസ്ഥാന ബാലചിത്ര രചന ഒന്നാം സ്ഥാനം, സുഗതപ്രകൃതി സംസ്ഥാന ചിത്രരചന മൂന്നാം സ്ഥാനം, ശുചിത്വമിഷന്‍ സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയില്‍ നിന്ന് എല്‍.പി, യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. വിവിധ രചനാ മത്സരങ്ങളില്‍ ഇതിനോടകം സമ്മാനങ്ങള്‍ വാരിക്കൂട്ടി. എല്‍.എസ്.എസ് പരീക്ഷയില്‍ ബേക്കല്‍ സബ് ജില്ലാ ടോപ്പറായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലിറ്റില്‍ മാസ്റ്റര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഉദുമ ഉദയമംഗലം സ്വദേശി ശിശുപാലന്റെയും കരിവെള്ളൂര്‍ സ്വദേശിനി രമ്യയുടെയും മകളാണ്. ചിത്രകാരനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ വിനോദ് അമ്പലത്തറയുടെ കീഴില്‍ ചിത്രകലയും ഉദുമ സ്‌കൂളിലെ സംഗീത അധ്യാപികയായിരുന്ന പത്മാവതി വിശാലാക്ഷന്റെ കീഴില്‍ സംഗീതവും അഭ്യസിച്ചുവരുന്നു.

Similar News