അടിപൊളിയായിട്ടുണ്ട്ട്ടാ...; പൊലീസുകാരെ പാട്ടുംപാടി സുഖിപ്പിച്ച കുഞ്ഞു സഹല്‍ വൈറലായി
യു.കെ.ജി. വിദ്യാര്‍ത്ഥി ഇബ്രാഹിം സഹല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാട്ടുപാടുന്നു
കാസര്‍കോട്: 'ഏ ബനാനേ ഒരു പൂ തരാമോ, ഏ ബനാനേ ഒരു കായ് തരാമോ...' സ്റ്റേഷനിലെത്തി പൊലീസ് ഉദ്യാഗസ്ഥരെ പാട്ടുംപാടി സുഖിപ്പിച്ച് യു.കെ.ജി വിദ്യാര്‍ത്ഥി വൈറലായി. പാട്ട് അടിപൊളിയായിട്ടുണ്ട്ട്ടാ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൈകുലുക്കി പറഞ്ഞപ്പോള്‍ കുഞ്ഞു ഇബ്രാഹിം സഹല്‍ എന്ന കൊച്ചു മിടുക്കന്‍ ഹാപ്പിയായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലാണ് കൗതുക സംഭവം നടന്നത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പമാണ് കുട്ടി സ്റ്റേഷനില്‍ എത്തിയത്. കുടുംബത്തിന്റെ പരാതി കേട്ട ശേഷം എഴുതിത്തരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കുട്ടി പൊലീസുകാരുടെ ഇരിപ്പിടത്തിനരികിലെത്തി ഞാനൊരു പാട്ടുപാടട്ടെ എന്ന് ചോദിച്ചത്. പാടു മോനെ, എന്ന് പൊലീസുകാരും. സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പി.എം.എസ് സലാം കുട്ടിയുടെ പാട്ട് സമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്തതോടെ രംഗം വൈറലായി. 'ജോണി ജോണി.. യെസ് പപ്പ...' എന്ന പാട്ട് ആയിരിക്കും പാടാന്‍ പോകുന്നതെന്നാണ് കരുതിയത്. എന്നാല്‍ സഹല്‍ ഭംഗിയായി പാട്ടുപാടിയപ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഞെട്ടിപ്പോയെന്ന് സലാം സമൂഹ മാധ്യമത്തില്‍ കുറിച്ചു. പിന്നീട് ആ പാട്ട് സമൂഹ മാധ്യമത്തില്‍ വൈറലാവുകയായിരുന്നു. യാതൊരു പരിഭ്രമവും ഇല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാട്ടുപാടുന്ന ഇബ്രാഹിം സഹലിന്റെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. അടിപൊളിയായിട്ടുണ്ട്ട്ടാ എന്ന അടിക്കുറിപ്പോടെ വീഡിയോ കേരള പൊലീസിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പങ്കുവെച്ചു. ഇതിനോടകം ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. കുട്ടിയെയും പ്രോത്സാഹനം നല്‍കിയ പൊലീസുകാരെയും അഭിനന്ദിച്ചുള്ള കമന്റുകള്‍ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്.