കുട്ടിയാനം-പാണ്ടിക്കണ്ടം റോഡ് തകര്‍ന്ന് തന്നെ; നന്നാക്കാന്‍ നടപടിയില്ല
തകര്‍ന്ന് കിടക്കുന്ന കുട്ടിയാനം-പാണ്ടിക്കണ്ടം റോഡ്
മുളിയാര്‍: തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മുളിയാര്‍ പഞ്ചായത്ത് പരിധിയിലുള്ള കുട്ടിയാനം- പാണ്ടിക്കണ്ടം റോഡാണ് വര്‍ഷങ്ങളായിട്ടും ടാറിങ് ചെയ്യാതെ തകര്‍ന്ന് കിടക്കുന്നത്. ബോവിക്കാനം, ബാവിക്കര, ഇരിയണ്ണി റോഡിലെ കുട്ടിയാനത്ത് നിന്ന് പാലം വരെ റോഡ് ഉണ്ടെങ്കിലും ടാറിങ് ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്നര കിലോമീറ്ററാണ് ഈ റോഡിന്റെ നീളം. ഇതില്‍ പാലത്തിനോട് ചേര്‍ന്ന അരകിലോമീറ്ററോളം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. 750 മീറ്റര്‍ വനഭൂമിയിലൂടെ പോകുന്ന ഭാഗം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. 1980ലെ വനസംരക്ഷണ നിയമം വരുന്നതിന് മുമ്പേയുള്ള റോഡായതിനാല്‍ പെട്ടെന്ന് വിട്ടുകിട്ടുമെങ്കിലും അതിനുള്ള നടപടി ഇഴഞ്ഞു നീങ്ങുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മരങ്ങള്‍ മുറിക്കാതെ, വനത്തിലൂടെ നിലവിലുള്ള റോഡ് ടാറിങോ കോണ്‍ക്രീറ്റോ ചെയ്താല്‍ തന്നെ മതിയാകും. റോഡ് യാഥാര്‍ത്ഥ്യമായാല്‍ വര്‍ഷങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ അരിയില്‍, കുട്ടിയാനം, പാണ്ടിക്കണ്ടം പ്രദേശത്തുകാര്‍ക്ക് ഏറെ ആശ്വാസമാകും.