കെ.കെ. മാഹിന്‍ മുസ്‌ലിയാര്‍: 'നല്ലോണം കിതാബ് തിരയുന്ന മൊയ്‌ലാര്‍'

Update: 2025-11-05 11:11 GMT

പ്രമുഖ മതപണ്ഡിതനും സമസ്ത മുശാവറ അംഗവും ഞങ്ങളുടെ അയല്‍പ്രദേശത്തെ താമസക്കാരനുമായ കെ.കെ മാഹിന്‍ മുസ്‌ലിയാര്‍ വിടവാങ്ങി. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ രോഗങ്ങളെ തുടര്‍ന്ന് പല ആസ്പത്രികളിലും വീട്ടിലുമായി ശയ്യാവലംബിയായിരുന്നു. പ്രമുഖ പണ്ഡിതരുടെ ശിഷ്യനും നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവുമായ മാഹിന്‍ മുസ്‌ലിയാര്‍, തന്റെ ഗുരുവര്യരോട് പുലര്‍ത്തിയിരുന്ന സ്‌നേഹാദര വായ്പിന് പതിന്‍മടങ്ങ് അദ്ദേഹം സ്വന്തം ശിഷ്യരിലൂടെ അനുഭവിച്ചുവെന്ന് രോഗപീഢയാല്‍ അവശനായിരുന്ന ഗുരുവിന് കാവലിരിക്കാനും ഒത്താശ ചെയ്യാനും ശിഷ്യഗണങ്ങള്‍ കാണിച്ച ആവേശം സാക്ഷ്യപ്പെടുത്തി. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്ന് തെന്നി മാറിയും അറിവിനെയും അക്ഷരങ്ങളെയും സ്‌നേഹിച്ചും കഴിഞ്ഞു കൂടുന്നതില്‍ ആനന്ദം കണ്ടെത്തിയ മഹാന്‍, പ്രശസ്തിയോടും ബഹളങ്ങളോടുംസ്ഥാന-മാനങ്ങളളോടും തികഞ്ഞ വിരക്തി പുലര്‍ത്തി. സമസ്ത മുശാവറ മെമ്പര്‍ സ്ഥാനം ഓഫര്‍ ചെയ്തപ്പോള്‍ ആദ്യമൊക്കെ സ്വീകരിക്കാന്‍ വിസമ്മതിച്ച മഹാന്‍, പലരുടെയും നിര്‍ബന്ധത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങിയാണ് പിന്നീട് സ്വീകരിച്ചത്. തുടര്‍ന്നും പ്രശസ്തിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രകൃതിയില്‍ മാറ്റം വന്നില്ല. കാട്ടിക്കൂട്ടലുകള്‍ക്ക് കൂട്ടു നിന്നില്ല.

1970കളുടെ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം ആലമ്പാടി എ. എം കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ പ്രമുഖനായിരുന്ന വേളയില്‍ അവിടത്തെ ഏറ്റവും ജൂനിയര്‍ വിദ്യാര്‍ത്ഥിയായി അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന കടബ ശരീഫ് ഫൈസിയുടെ ശിഷ്യനായി അവിടെ ഒരു വര്‍ഷം കഴിച്ചു കൂട്ടിയ ഒരു കൊച്ചു പയ്യന്റെ ഓര്‍മകള്‍ ഇപ്പോഴും ഈയുള്ളവന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. 'നല്ലപോലെ കിതാബ് തിരയുന്ന മൊയ്‌ലാര്‍' എന്ന് മാഹിന്‍ മുസ് ലിയാരെ ദര്‍സിലെ മുതിര്‍ന്ന പല വിദ്യാര്‍ത്ഥികളും വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. അന്നത്തെ ആ കൊച്ചു പയ്യന്‍ പിന്നീട് അദ്ദേഹത്തിനൊപ്പം ജില്ലാ മുശാവറയില്‍ അംഗമെന്ന നിലയില്‍ ഇടപെടാന്‍ നിയോഗമുണ്ടായപ്പോള്‍ മുഖത്ത് ആ പഴയ കൗതുകം വായിച്ചെടുക്കാമായിരുന്നു. ദക്ഷിണ കന്നഡയിലെ പുത്തൂരിനടുത്ത കൊരിങ്കിലയില്‍ പണ്ഡിത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം, പിന്നീട് പഠനവും അധ്യാപന വൃത്തിയും കുടുംബ ജീവിതവും നയിക്കാന്‍ പ്രധാനമായും കേരളത്തെയാണ് തിരഞ്ഞെടുത്തത്. കാസര്‍കോട് ചെങ്കള പഞ്ചായത്തിലെ നാലാംമൈലിലാണ് അദ്ദേഹം സ്വന്തമാക്കി സ്ഥിര താമസമാക്കിയത്. തികഞ്ഞ വിനയം, വിരക്തി, ലളിത ജീവിതം, അടങ്ങാത്ത വിജ്ഞാന ദാഹം തുടങ്ങിയ സദ്ഗുണങ്ങളാല്‍ അദ്ദേഹം പൂര്‍വകാല മഹാ പണ്ഡിതരുടെ മഹജ്ജീവിതം ഓര്‍മിപ്പിച്ചു. മഹാന്റ അനന്തര ജീവിതം റബ്ബ് ഐശ്വര്യ പൂര്‍ണമാക്കി കൊടുക്കട്ടെ. നമുക്കും ഇഹ-പര ക്ഷേമം ലഭ്യമാക്കട്ടെ.

Similar News