പുഞ്ചിരിതൂകി പള്ളി വാതില്‍ക്കല്‍ നിന്ന് സ്വീകരിക്കുന്ന ഇസ്മായില്‍ക്കയും പടികടന്നുപോയി

Update: 2025-12-23 11:10 GMT

തായലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദില്‍ എത്തുമ്പോഴൊക്കെ പുഞ്ചിരി തൂകുന്ന മുഖവുമായിട്ടാണ് ഇസ്മായില്‍ക്കയെ കാണാറുള്ളത്. ഇസ്മായില്‍ക്കയുമായി കൂടുതല്‍ ഞാന്‍ അടുക്കുന്നത് കല്ലക്കട്ടയിലെ പയോട്ട തങ്ങളെ കാണാന്‍ വരുമ്പോഴായിരുന്നു.

പത്ത് വര്‍ഷത്തോളം അദ്ദേഹത്തിന്റെ തട്ടകത്തില്‍ ഞാന്‍ ആയൂര്‍വേദ മരുന്ന് കട നടത്തിയിരുന്നു. തങ്ങളെ കാണാന്‍ വരുമ്പോഴൊക്കെ മെഡിക്കല്‍ കടയില്‍ വന്ന് കുറെ സമയം സംസാരിക്കും. ബുദ്ധിമുട്ടുകളും വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ സംസാരത്തിനിടയില്‍ കടന്നുവരും. ഈ ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. പയോട്ട തങ്ങള്‍ മരിച്ച വിവരം അറിയിച്ചപ്പോള്‍ വളരെ വിഷമം തോന്നിയിരുന്നു.

തങ്ങളെ കുറിച്ച് എന്നും നല്ലത് പറയുമായിരുന്ന ഇസ്മായില്‍ക്കയെ അടുത്തകാലം വരെ കണ്ടപ്പോഴെല്ലാം തങ്ങളെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവായിരുന്നു.

കഴിഞ്ഞ 40വര്‍ഷത്തോളം തായലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദില്‍ മുക്രിയായി സേവനമനുഷ്ടിച്ചപ്പോഴും പുഞ്ചിരി തന്നെയായിരുന്നു ആ മുഖത്തുണ്ടായിരുന്നത്. ഒരു മനുഷ്യായുസിന്റെ പകുതിയും അല്ലാഹുവിന്റെ ഭവനത്തില്‍ സേവനമനുഷ്ടിക്കാന്‍ ലഭിച്ചത് തന്നെ അദ്ദേഹത്തിന് കിട്ടിയ വലിയ ഭാഗ്യം തന്നെയാണ്. ചിലര്‍ക്ക് മാത്രം അല്ലാഹു നല്‍കുന്ന അപൂര്‍വ്വ ഭാഗ്യം. ജീവിതത്തില്‍ നിന്ന് വിട പറഞ്ഞുപോയ ഇസ്മായില്‍ക്കയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനി തായലങ്ങാടി പള്ളിയുടെ പൂമുഖത്തുണ്ടാവില്ല...

അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെ... ആമീന്‍... ദുഃഖത്തോടെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥിക്കുന്നു...

Similar News