ഓര്‍മ്മയായത് ബങ്കരക്കുന്നിലെ ഞങ്ങളുടെ ഖത്തര്‍ ഹാജി

Update: 2025-12-04 10:07 GMT

ജീവിതവസാന സമയത്ത് ഒറ്റപ്പെട്ടത് പോലെയായിരുന്നു കഴിഞ്ഞ ദിവസം ജീവിതത്തില്‍ നിന്നും വിടപറഞ്ഞ് പോയ ഞങ്ങളൊക്കെ സ്‌നേഹത്തോടെ വിളിച്ചിരുന്ന ഖത്തര്‍ ഹാജിയെന്ന ടി.കെ മഹമൂദ് ഹാജി. തളങ്കരയില്‍ നിന്നും നെല്ലിക്കുന്നില്‍ താമസം തുടങ്ങിയ മഹമൂദ് ഹാജി കുറച്ച് വര്‍ഷം മുമ്പാണ് ബങ്കരക്കുന്നില്‍ എന്റെ വീടിന് സമീപം നല്ലൊരു വീട് വാങ്ങി കുടുംബ സമേതം താമസം തുടങ്ങിയത്.

മുംബൈയില്‍ സ്‌റ്റൈലോ ബാഗ് കമ്പനി തുടങ്ങിയപ്പോള്‍ തന്നെ മുംബൈയില്‍ ജോലി തേടി എത്തുന്നവര്‍ക്ക് തുണയാവുകയായിരുന്നു.

ഏവരുമായും നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു.

ലക്ഷദീപ് എം.പിയായിരുന്ന പി.എം സയ്യിദ് ഇദ്ദേഹത്തിന്റെ വീട് പലപ്പോഴും സന്ദര്‍ശിച്ചിരുന്നു. നല്ല ബന്ധവും പുലര്‍ത്തിയിരുന്നു.

മര്‍ഹും വടകര തങ്ങള്‍, കുമ്പോല്‍ തങ്ങളുടെ പരമ്പരയുമായും ഏറെ അടുപ്പം പുലര്‍ത്തി. അന്തരിച്ച പ്രഗല്‍ഭ രാഷ്ട്രീയ നേതാക്കളായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ. അഹമ്മദ്, ചെര്‍ക്കളം അബ്ദുല്ല, കെ.എസ് അബ്ദുല്ല തുടങ്ങി നിരവധി പേരുമായി വലിയ സൗഹൃദത്തിലായിരുന്നു. കാന്തപുരം എ.പി ഉസ്താദ്, പേരോട് ഉസ്താദ്, മര്‍ഹും താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങി നിരവധി പേരുമായി വലിയ സൗഹൃദം തന്നെ സ്ഥാപിച്ചിരുന്നു. എന്റെ വീടിനടുത്തായതിനാല്‍ പലപ്പോഴും കണ്ടാല്‍ കുറെ സമയം സംസാരിക്കും. മത-രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരത്തിനിടയില്‍ കടന്നുവരും.

തളങ്കര, നെല്ലിക്കുന്ന് ഉറൂസുകളില്‍ സജീവ സാന്നിധ്യം വഹിച്ചു. എപ്പോഴും പുഞ്ചിരിയോടെ മാത്രമേ സംസാരിക്കുകയുള്ളൂ. നന്മയുടെ മനസ്സുള്ള അദ്ദേഹം എന്നും വെള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ജിന്ന തൊപ്പി മഹ്മൂദ് സാഹിബിന്റെ തലയില്‍ എന്നും കാണാം.

കുട്ടികളെ ഏറെ സ്‌നേഹിച്ചു. പ്രഭാത നിസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. മതകാര്യങ്ങളിലും ജീവിതത്തില്‍ അടുക്കും ചിട്ടയും മക്കളില്‍ അദ്ദേഹം പഠിപ്പിച്ചു.

സജീവ രാഷ്ടിയത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെ പ്രസംഗം കേള്‍ക്കാന്‍ ആവേശമായിരുന്നു. മത-രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരത്തിനിടയില്‍ കടന്നുവരും.

ഞാനെഴുതിയ മക്ക-മദീന പുണ്യഭൂമിയിലൂടെ പുസ്തകം കൈമാറാന്‍ വീട്ടിലെത്തിയപ്പോള്‍ ഏറെ അവശനായിരുന്നു. ഭാര്യയുടെ വേര്‍പാട് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിയതായി ആ മുഖത്തില്‍ വായിച്ചെടുക്കാമായിരുന്നു. കാണാന്‍ ഒരാഴ്ച മുമ്പ് വിട്ടില്‍ പോയപ്പോള്‍ ഉറക്കത്തിലായതിനാല്‍ കാണാനും പറ്റിയില്ല. ഒടുവില്‍ ചൊവ്വാഴ്ച മരണവാര്‍ത്തയും.

ജീവിതത്തിലൂടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച മഹമുദ് ഹാജിയുടെ ഖബറിടം അല്ലാഹു വിശാലമാക്കാട്ടെ. ആമീന്‍.

Similar News