വിടപറഞ്ഞുപോയത് പൊതുരംഗത്തെ പെണ്‍കരുത്ത്

Update: 2025-12-18 10:59 GMT

രാഷ്ട്രീയ പിരിമുറുക്കത്തിന്റെയും ആശങ്കയുടെയും ആവേശത്തിന്റെയും അവസാന ലാപ്പില്‍ നില്‍ക്കുമ്പോഴാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തലേനാള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നീണ്ട രണ്ട് പതിറ്റാണ്ട് ജന പ്രതിനിധിയായി പ്രവര്‍ത്തിച്ച ഫാത്തിമ അബ്ദുല്ല കുഞ്ഞിയുടെ വിയോഗ വാര്‍ത്ത വരുന്നത്. അവര്‍ അസുഖ ബാധിതയായി എറണാകുളത്ത് ചികിത്സയില്‍ ആയിരുന്നു. ഇടയ്ക്കു നാട്ടില്‍ വരികയും ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. അവര്‍ മൊഗ്രാലില്‍ എത്തിയ വിവരം വൈകിയാണ് അറിഞ്ഞത്. അത്‌കൊണ്ട് തന്നെ കാണാന്‍ കഴിയാത്തതില്‍ മനസ്സില്‍ വല്ലാത്ത വിഷമം തോന്നിയിരുന്നു. സുഖം പ്രാപിച്ചു തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞാനും.

ഒരു നാട്ടുകാരി എന്നതില്‍ ഉപരി ചെറുപ്പം മുതലേ നേരിട്ട് അറിയാമായിരുന്ന ഒരു കുടുംബ ബന്ധം ഉണ്ടായിരുന്നു. അവരുടെ പിതാവുമായും ഏക സഹോദരന്‍ അഷ്റഫ് (മൊഗ്രാല്‍ ജീന്‍സ്) ഒക്കെ ഒരു വീട്ടുകാരെ പോലെയായിരുന്നു. ഭര്‍ത്താവ് മൊഗ്രാല്‍ സ്വദേശി സി.എം അബ്ദുല്ല കുഞ്ഞിയുമായുള്ള രാഷ്ട്രീയ അടുപ്പം ഒന്നുകൂടി ആ ബന്ധം ശക്തമാക്കി.

ആദ്യമായി 1995ല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് മുസ്ലിം ലീഗ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ കാലയളവിലെ പൊതു സേവനം വലിയ ജനകീയ അംഗീകാരം നേടി. തുടര്‍ന്ന് 2000ത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫാത്തിമക്ക് പാര്‍ട്ടി ഉളുവാറില്‍ ആയിരുന്നു അവസരം നല്‍കിയത്. ആ തവണ മൊഗ്രാലില്‍ നിന്ന് ഞാനും മത്സരിക്കുകയും വിജയിച്ചു കയറുകയും ചെയ്തു. മുസ്ലിം സ്ത്രീകള്‍ പൊതു രംഗത്തും തിരഞ്ഞെടുപ്പ് രംഗത്തും വരുന്നതില്‍ മടിച്ചു നിന്ന കാല്‍നൂറ്റാണ്ട് മുമ്പ് ഒരു പരിചയംപോലും ഇല്ലാത്ത സ്ഥലത്ത് ധൈര്യ സമേതം ചെന്ന് മത്സരിക്കുകയും വന്‍ ഭൂരിപക്ഷം നേടി വിജയിക്കുകയും ചെയ്യുകയായിരുന്നു അവര്‍. ഭരണ സമിതി യോഗത്തില്‍ മിക്കവാറും ഞങ്ങള്‍ അടുത്തടുത്ത സീറ്റില്‍ ആയിരിക്കും ഉണ്ടാവുക. എന്ത് കാര്യത്തിലും ഉറച്ച ശബ്ദം ആയിരുന്നു. ആവശ്യങ്ങള്‍ നേടാന്‍ വാശി പിടിക്കുമായിരുന്നു. അന്നത്തെ അവികസിത ഉളുവാറിനെ മുന്നിലേക്കെത്തിക്കാന്‍ തന്റെ അധികാരവും നിലപാടും ഉപയോഗപ്പെടുത്തി. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനായ ഞാനുമായി പലപ്പോഴും തര്‍ക്കിക്കുക വാര്‍ഡിന്റെ ആവശ്യം ഉന്നയിച്ചായിരുന്നു. മൊഗ്രാലില്‍ അധിക ആവശ്യങ്ങള്‍ ഇല്ലെന്നും അത് വികസിത അമേരിക്കയാണെന്നും അവശ്യം ഉളുവാറിനാണെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കുമായിരുന്നു.

ആത്മാര്‍ത്ഥതയും സത്യസന്ധതയും കണിശമായി പുലര്‍ത്തി അധികാരത്തിന്റെ ഇടങ്ങളില്‍ അഴിമതിയുടെ കറ പുരളാതെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ ഇരുപതു വര്‍ഷം നിറഞ്ഞു നിന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഫാത്തിമയുടേത്. ആവശ്യക്കാര്‍ക്ക് തന്റെ വരുമാനത്തില്‍ നിന്ന് തന്നെ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. പാര്‍ട്ടിക്കും പൊതുവിലും ഒരു മടിയും കൂടാതെ സഹായിച്ചു. അവര്‍ക്ക് സാമ്പത്തികം ഒരു വിഷയമേ ആയിരുന്നില്ല.

2005ല്‍ പാര്‍ട്ടി നിയോഗിച്ചത് കോയിപ്പാടി വാര്‍ഡിലേക്കായിരുന്നു. അക്കുറി എന്റെ ഭാര്യയും മൊഗ്രാലില്‍ നിന്ന് മത്സരിച്ചു ജയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടുപേര്‍ക്കും നോമിനേഷന്‍ തയ്യാറാക്കി നല്‍കിയത് ഞാനായിരുന്നു. അത് ഞാന്‍ തന്നെ ചെയ്യണമെന്ന് ഫാത്തിമക്ക് നിര്‍ബന്ധവുമായിരുന്നു.

അന്നത്തെ മത്സര സമയത്ത് ഫാത്തിമയിലൂടെ കോയിപ്പാടിക്ക് പ്രസിഡണ്ട് പദവി എന്നായിരുന്നു പാര്‍ട്ടിക്ക് അകത്തും വാര്‍ഡിലും പൊതുവിലും ഉയര്‍ന്ന് വന്നത്. പിന്നീട് എന്ത് കൊണ്ടോ അത് അട്ടിമറിക്കപ്പെട്ടു. അതിന്റ പിന്നിലെ കളികള്‍ ഫാത്തിമ തിരിച്ചറിഞ്ഞുവെങ്കിലും അവര്‍ നിശബ്ദത പാലിച്ചു. അന്നും ഇന്നും കോയിപ്പാടി ആഗ്രഹിച്ചത് കയ്യാലപ്പുറത്ത് തന്നെയാണുള്ളത്. 2010ല്‍ നാലാം തവണ അവസരം നല്‍കിയത് ബദ്രിയ നഗര്‍ വാര്‍ഡിലേക്ക് ആയിരുന്നു. അവരുടെ കഴിവുകള്‍ പാര്‍ട്ടിയും ജനവും അംഗീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവായിരുന്നു തുടര്‍ച്ചയായുള്ള നാലാമത്തെ അവസരം. അവിടെയും വന്‍ വിജയം നേടി. ഗ്രാമ പഞ്ചായത്തില്‍ മൂന്നിടങ്ങളില്‍ മത്സരിച്ചു വിജയിച്ചപ്പോഴും തന്റെ സ്വന്തം വാര്‍ഡില്‍ അവസരം കിട്ടിയില്ല എന്നത് പലപ്പോഴും എന്നോട് സൂചിപ്പിക്കുമായിരുന്നു. എവിടെയായാലും തനിക്ക് ചെയ്യാവുന്നതിനു അപ്പുറം പ്രവര്‍ത്തിച്ചു കാണിച്ചു എന്നതിലാണ് ഫാത്തിമയുടെ വിജയം. ഈ കാലയളവില്‍ ഒരിക്കലും വിമര്‍ശന വിധേയമായില്ല എന്നത് തന്നെ വലിയ ജനകീയ അംഗീകാരം ആയിരുന്നു.

പൊതു രംഗത്തോടൊപ്പം വായനയും എഴുത്തും കൂടെ കൊണ്ടു നടന്നു. കമല സുരയ്യയെ ഇഷ്ടപ്പെട്ടു അതൊരു പുസ്തകമാക്കി 'ആമി' എന്ന പേരില്‍ പുറത്തിറക്കി. നാട്ടുംപുറത്തെ പെണ്ണെഴുത്ത് അത്ര ശോഭിക്കുന്ന കാലമായിരുന്നില്ല അന്ന്. ഒരു പക്ഷെ അത് ശ്രദ്ധിക്കാതെ പോയതിനു കാരണം അതാവാം.

ഇതൊക്കെ ഉള്‍പ്പെടുത്തി മരണത്തിന്റെ തൊട്ട് പിറ്റേന്ന് റഹ്മാന്‍ തായലങ്ങാടി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഹൃദയ സ്പര്‍ശിയായിരുന്നു. ആ ചെറിയ കുറിപ്പില്‍ അവരെ കുറിച്ചു വായിക്കാന്‍ ഏറെ ഉണ്ടായിരുന്നു. പുതിയ തലമുറ കാണാതെ പോയ സംഗതികള്‍ കുറിച്ചുവെച്ച് ആക്കൂട്ടത്തില്‍ വിട്ടുപോയ ഒരുവരി കൂടി ചേര്‍ക്കട്ടേ. കമലാ സുരയ്യയോടുള്ള അതിരറ്റ സ്‌നേഹംകൊണ്ട് സുരയ്യ എന്ന പേരില്‍ ഒരു കുടുംബശ്രീ യൂണിറ്റ് ഫാത്തിമയുടെ നേതൃത്വത്തില്‍ ഏറെക്കാലം മൊഗ്രാലില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ്. പൊതു രംഗത്തെ പെണ്‍ കരുത്തായ ഫാത്തിമക്ക് പകരക്കാരിയായി മൊഗ്രാലില്‍ നിന്ന് ഇനി ഒരാളുണ്ടാകുമെന്ന് തോന്നുന്നില്ല. പരലോക ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

Similar News