കോവിഡ് കാലത്തായിരുന്നു കോവിഡിന്റെ വിരസത അകറ്റാന്‍ ഞങ്ങള്‍ ആലിയ ലോഡ്ജ് കേന്ദ്രീകരിച്ച് 'കോവിഡ് കാലത്തെ കൊലപാതകം' എന്ന ടെലിഫിലിം ചെയ്യുന്നത്. ഞാനടക്കം അഷ്‌റഫ് കൈന്താര്‍, ഖാലിദ് പൊവ്വല്‍, ജോര്‍ജ് പൊയ്കയില്‍, സുബൈര്‍ പള്ളിക്കാല്‍, അശോകന്‍ നീര്‍ച്ചാല്‍, ഹമീദ് തുടങ്ങിയവരടക്കമുള്ളവര്‍ വേഷമിട്ടപ്പോള്‍ ക്യാമറയടക്കം സാങ്കേതിക സഹായങ്ങള്‍ ആബിദ് കാഞ്ഞങ്ങാടായിരുന്നു. ഞങ്ങളുടെ എല്ലാ കലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി, കഴിഞ്ഞ ദിവസം അന്തരിച്ച മൊഗ്രാലിലെ ഫാത്തിമ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
മൊഗ്രാലിലെ കലാപ്രവര്‍ത്തനങ്ങളിലും പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളിലും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പ്രശസ്ത കവയത്രിയായിരുന്ന കമല സുരയ്യയുടെ (മാധവികുട്ടി) കടുത്ത ആരാധികയായിരുന്നു. അവരുമായി ആത്മബന്ധം പ്രകടമാക്കുന്ന 'ആമി' എന്ന പുസ്തകവും എഴുതിയിരുന്നു.
രോഗം ശരീരത്തെ കീഴടക്കിയപ്പോള്‍ മനസ്സ് തളര്‍ന്നിട്ടുണ്ടാവും. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും ഇനിയും പുസ്തകങ്ങള്‍ രചിക്കുമെന്നും അവരെ സ്‌നേഹിച്ചിരുന്ന സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ പോയ് മറഞ്ഞു. പ്രാര്‍ത്ഥനയോടെ...