മൊഗ്രാല്‍: തദ്ദേശ തിരഞ്ഞെടുപ്പ്, എസ്.ഐ.ആര്‍, ക്രിസ്തുമസ് അവധിക്കാലം, കലോത്സവ തീയതിയിലെ അനിശ്ചിതത്വം... ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആതിഥേയത്വം ഏറ്റെടുക്കുമ്പോള്‍ മൊഗ്രാലുകാര്‍ക്ക് മുന്നില്‍ പരിമിതികള്‍ ഏറെയായിരുന്നു. എന്നിട്ടും കലോത്സവത്തെ ഇരുകൈയ്യും നീട്ടി, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ പരിമിതികളെയും കൂട്ടായ പരിശ്രമത്തിലൂടെ ഇശല്‍ ഗ്രാമം മറികടക്കുകയായിരുന്നു.
നാട്ടുകാരില്‍ നിന്ന് അനുഭവിച്ച സ്‌നേഹത്തെ ഒരിക്കലും മറക്കില്ലെന്ന് മത്സരാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ പറയുന്നു. സംഘടക സമിതി ചെയര്‍മാനും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനുമായ എ.കെ.എം അഷ്‌റഫ് എം.എല്‍.എയും മുഖ്യാതിഥി സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂരും ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി മധുസൂതനനും അടക്കമുള്ളവര്‍ മൊഗ്രാലിന്റെ സംഘാടന മികവിനെയും ആതിഥ്യമാതൃകയും എടുത്തുപറഞ്ഞു. സ്‌കൂളിലെ സ്ഥലപരിമിതിമൂലം വീട്ടുമുറ്റമടക്കം സ്റ്റേജിനായി വിട്ടുനല്‍കിയവര്‍, മത്സരാര്‍ത്ഥികള്‍ക്ക് വേഷം മാറുന്നതിനും വിശ്രമത്തിനുമായി വീട് വിട്ടുനല്‍കിയ വീട്ടുകാര്‍, മൂന്ന് നാളുകളിലും സേവനത്തില്‍ മുഴുകി ഗതാഗതവും ഭക്ഷണ സൗകര്യവും മറ്റും ചെയ്ത നാട്ടിലെ യുവാക്കള്‍, വിദ്യാര്‍ ത്ഥികള്‍... എല്ലാവരും കലോത്സവത്തെ വിജയിപ്പിക്കാനായി കൈമെയ് മറന്ന് പ്രവര്‍ ത്തിച്ചു.
പോക്കറ്റ് റോഡുകളിലടക്കം ഒരുതരത്തിലുമുള്ള ഗതാഗതക്കുരുക്കില്ലാതെ മത്സരാര്‍ത്ഥികളെയും ആസ്വാദകരെയും വേദികളിലേക്ക് യഥാസമയം എത്തിക്കാന്‍ ഗതാഗത സേവനത്തിലേര്‍പ്പെട്ട യുവാക്കളുടെ പരിശ്രമവും ശ്രദ്ധപിടിച്ചുപറ്റി. ഇശല്‍ ഗ്രാമത്തിന്റെ പൈതൃകം വിളിച്ചോതി ഊട്ടുപുരയിലടക്കം പാട്ടുപൂരം കാണാനിടയായി. എല്ലാം കൊണ്ടും മൊഗ്രാലിന്റെ ആതിഥേയത്വം പ്രശംസിക്കപ്പെടുകയാണ്.
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ സമാപന ചടങ്ങില്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ സംസാരിക്കുന്നു
എച്ച്.എസ്.എസ്. വിഭാഗം സംഘനൃത്തം: ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം
ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ലോ ആന്റ് ഓര്‍ഡര്‍ ടീം
ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ ജേതാക്കളായ എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. വെള്ളിക്കോത്ത് ടീം
സംഘനൃത്ത മത്സരത്തിന് മുന്നോടിയായി പ്രധാനവേദിക്കരികില്‍ ഊഴം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍