പുതുവര്‍ഷം പിറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വരവേല്‍ക്കാനൊരുങ്ങി നാട്
കാസര്‍കോട്: പ്രതീക്ഷാപൂര്‍വ്വം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാട്. ബേക്കല്‍ ബീച്ചില്‍ ഒരാഴ്ച്ചയോളമായി നടന്നുവരുന്ന ആഘോഷത്തിന്റെ സമാപനം പുതുവര്‍ഷാഘോഷത്തോടെ ഇന്ന് അര്‍ധരാത്രി നടക്കും. ഉറുമി ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോക്ക് ശേഷം പുതുവര്‍ഷ പുലരിയെ വരവേറ്റ് ഡിജിറ്റല്‍ വെടിക്കെട്ട് ഉണ്ടാവും.
കാസര്‍കോട് ആര്‍ട്ട് ഫോറം, അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, കലാ കാസര്‍കോട് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ പുതുവത്സര ആഘോഷം നടക്കും. 7 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ റംഗ് ബര്‍സേ മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയാവും. എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ് എന്നിവര്‍ക്ക് സ്വീകരണവും ദുബായ് ബെസ്റ്റ് ഗോള്‍ഡ് എം.ഡി. സമീര്‍ ചെങ്കള, ബിസിനസുകാരന്‍ കുഞ്ഞാലി പെര്‍ള എന്നിവര്‍ക്ക് സ്‌നേഹാദരവും നല്‍കും.
പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് പുതുവര്‍ഷം ആദ്യമെത്തുക. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്.