'കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരുടെ' നിലവിളി ഹൃദയം നുറുക്കി; ചിത്രം വരച്ചും കവിതകള്‍ ചൊല്ലിയും പലസ്തീന്‍ ഐക്യദാര്‍ഢ്യം
കാസര്‍കോട് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്നിലെ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ്
കാസര്‍കോട്: ഗാസയില്‍ മരിച്ചുവീണ പിഞ്ചുകുഞ്ഞുങ്ങളുടെ പൊതിഞ്ഞ മൃതദേഹങ്ങള്‍ കയ്യിലേന്തി, കത്തിയാളുന്ന തീഗോളത്തിന് മുമ്പില്‍ ഹൃദയം തകര്‍ന്ന് കരഞ്ഞുതളര്‍ന്ന ആ വാപ്പയുടെയും രണ്ട് പെണ്‍മക്കളുടെയും നിലവിളി നഗരത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ഗാസ ഓ ഗാസ എന്ന പേരില്‍ കാസര്‍കോട് സാഹിത്യവേദി പുലിക്കുന്ന് നഗരസഭാ പാര്‍ക്കില്‍ ഇന്നലെ സന്ധ്യക്ക് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിലാണ് പ്രതീകാത്മകമായി ഗാസയിലെ വംശഹത്യയും കൂട്ടനിലവിളിയും രംഗാവിഷ്‌കാരം ചെയ്തത്. നാടകനടനും സംവിധായകനുമായ റഫീഖ് മണിയങ്ങാനവും മക്കളായ, ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന റുസ്മിലയും അനുജത്തിയും അതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ റിയാനയും ചേര്‍ന്ന് അവതരിപ്പിച്ച രംഗങ്ങള്‍ കണ്ടുനിന്നവരുടെ കരളലിയിപ്പിച്ചു. ഗാസ എപ്പോഴാണുറങ്ങിയത് എന്ന കവിതയുമായി റഫീഖ് മണിയങ്ങാനവും മക്കള്‍ക്കൊപ്പം ഗാസയിലെ ദുഖം പേറുന്ന പൗരനായി പകര്‍ന്നാടി. തേങ്ങലോടെയാണ് എല്ലാവരും ഈ രംഗങ്ങള്‍ കണ്ടുനിന്നത്. തീ ഗോളമുയരുന്നതും നിലവിളികള്‍ ഉയരുന്നതും മൃതദേഹങ്ങളുമായി അമ്മമാരുടെ വിലാപവും അവതരിപ്പിച്ചത് പ്രതിഷേധത്തിന്റെ, ഐക്യദാര്‍ഢ്യത്തിന്റെ കരുത്തുകൂട്ടി.
മെഴുകുതിരികള്‍ കത്തിച്ചും തീപന്തങ്ങള്‍ ജ്വലിപ്പിച്ചും വലിയ കാന്‍വാസില്‍ ഗാസയിലെ നേര്‍ചിത്രങ്ങള്‍ വരച്ചും കവിത ചൊല്ലിയും വലിയൊരു ആള്‍ക്കൂട്ടം പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസിനെ ജീവസുറ്റതാക്കി. മുദ്രാവാക്യങ്ങളും വംശഹത്യക്കെതിരെയുള്ള പ്രതിഷേധങ്ങളുമായി പരിപാടി മുന്നോട്ട് നീങ്ങവെ പൊടുന്നനെയാണ്, നഗരസഭാ പാര്‍ക്കിലെ ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിമിന്റെ സ്മാരക സ്തൂപത്തിന് മുന്നില്‍ പലസ്തീനിലെ കരളലിയിപ്പിക്കുന്ന രംഗങ്ങളുടെ ആവിഷ്‌കാരം അരങ്ങേറിയത്.
പി.എസ് ഹമീദ്, പത്മനാഭന്‍ ബ്ലാത്തൂര്‍, കെ.എച്ച് മുഹമ്മദ്, അബു ത്വാഈ, എം.എ മുംതാസ് എന്നിവര്‍ പലസ്തീന്‍ കവിത ചൊല്ലി. ഷാഫി എ. നെല്ലിക്കുന്ന്, കെ.എച്ച് മുഹമ്മദ് എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി, സെക്രട്ടറി എം.വി സന്തോഷ്, ട്രഷറര്‍ എരിയാല്‍ ഷരീഫ്, വൈസ് പ്രസിഡണ്ടുമാരായ അഷ്‌റഫലി ചേരങ്കൈ, ടി.എ ഷാഫി, ജോയിന്റ് സെക്രട്ടറിമാരായ ടി.കെ അന്‍വര്‍, റഹ്മാന്‍ മുട്ടത്തൊടി, നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, സുബിന്‍ ജോസ്, നിസാര്‍ പെര്‍വാഡ്, സി.എല്‍. ഹമീദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ടി.കെ അന്‍വര്‍, മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍, കെ.പി.എസ് വിദ്യാനഗര്‍, റഹീം ചൂരി, സിദ്ദിഖ് പടപ്പില്‍, ഷഫീഖ് നസ്‌റുല്ല, അഹമ്മദലി കുമ്പള, രേഖ കൃഷ്ണന്‍, റഫീഖ് പൈവളിഗെ, എം.എ അബ്ദുല്‍ റഹ്മാന്‍, സലാം കുന്നില്‍, ഇബ്രാഹിം ബാങ്കോട്, അബ്ദുല്‍ ഹക്കീം, റാസി ഖത്തര്‍, നിയാസ് പള്ളക്കന്‍, നബീല്‍ ജെ.ആര്‍, തന്മയ, സാലിഹ് എസ്.എം, ഷാജു വി.സി, ബഷീര്‍ കൊല്ലമ്പാടി, കെ.വി സമീഉല്ലാഹ് തുടങ്ങിയവര്‍ അണിനിരന്നു.
കാസര്‍കോട് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുലിക്കുന്നിലെ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ റഫീഖ് മണിയങ്ങാനവും മക്കളായ റുസ്മിലയും റിയാനയും അവതരിപ്പിച്ച നാടകം