'വോട്ട് വേണോ? റോഡ് വേണം...': ബങ്കരക്കുന്ന് കുദൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും

Update: 2025-12-06 10:30 GMT

നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂര്‍ പ്രദേശത്ത് പ്രതൃക്ഷപ്പെട്ട ഫ്‌ളക്‌സ് ബാനര്‍

നെല്ലിക്കുന്ന്: കാസര്‍കോട് നഗരസഭയിലെ 35-ാം വാര്‍ഡില്‍കഴിഞ്ഞ ദിവസം ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ബങ്കരക്കുന്ന് കുദൂര്‍ റോഡരികിലാണ് 'വോട്ട് വേണോ...? റോഡ് വേണം, പറ്റുമോ നിങ്ങള്‍ക്ക്' എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡും പല വീടുകളിലെയും ഗെയിറ്റിന് മുന്നില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. 'റോഡും വെള്ളവും ലഭ്യമാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണക്കാം' എന്നും എഴുതിയിട്ടുണ്ട്. നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂര്‍ നിവാസികളുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ മെഹറുന്നിസയാണ്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സഹോദരന്‍ ഹമീദിന്റെ പത്‌നിയാണ് മെഹറുന്നിസ. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി ഐ.എന്‍.എല്ലിലെ നജീബ നാസിറും. 36-ാം വാര്‍ഡിലെ കുദൂര്‍ നിവാസികള്‍ വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്‌നവും മഴക്കാലത്ത് വെള്ളം ഒലിച്ചു പോകാത്തതിനാല്‍ റോഡുകളില്‍ മഴവെള്ളം കെട്ടിനിന്ന് സഞ്ചാരത്തിന് വലിയ ദുരിതവും അനുഭവിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരലിലെണ്ണാവുന്നവര്‍ മാത്രം ഉണ്ടായിരുന്ന കുദൂര്‍ പ്രദേശത്ത് ഇപ്പോള്‍ ജനങ്ങളും വീടുകളും വര്‍ധിച്ചു. കല്‍മാടി തോടിലൂടെ നഗരത്തില്‍ നിന്നും ആസ്പത്രികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിന ജലം ഒഴുകി വരുന്നത് വലിയ ദുരിതമുണ്ടാകുന്നു. വേനല്‍ക്കാലത്ത് മലിനജലം ഭൂമിയിലേക്കിറങ്ങി സമീപത്തുള്ള കിണറുകളില്‍ കലര്‍ന്ന് വെള്ളം കുടിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണെന്ന് കുദൂര്‍ നിവാസികള്‍ പരാതിപ്പെടുന്നു. നിരവധി തവണ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു എന്നാണ് പരാതി. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാര്‍ത്ഥികളോട് 'വോട്ട് വേണോ..? റോഡ് വേണം. പറ്റുമോ നിങ്ങള്‍ക്ക്...' എന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് കുദൂര്‍ നിവാസികള്‍.


Similar News