നാലര പതിറ്റാണ്ട് മുമ്പ് വാപ്പയും എളേപ്പയും; കെ.എം. ഹനീഫിന് സ്ഥാനാര്‍ത്ഥിത്വം പാരമ്പര്യത്തിന്റെ തുടര്‍ച്ച
കാസര്‍കോട്: 45 വര്‍ഷം മുമ്പ് ഉപ്പയും ഒപ്പം ഉപ്പയുടെ സഹോദരനും കൗണ്‍സിലര്‍മാരായ കാസര്‍കോട് നഗരസഭയിലേക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മകന്റെ രണ്ടാം അങ്കം. തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍(27) മത്സരിക്കുന്ന കെ.എം. ഹനീഫിന് നഗരസഭ കൗണ്‍സിലിലേക്കുള്ള പ്രവേശനം പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണ്.
1979ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പന്ത്രണ്ടാം വാര്‍ഡില്‍ നിന്ന്(തെരുവത്ത്) വിജയിച്ച് നഗരസഭാംഗമായ കെ.എം. അബ്ദുല്‍ ഖാദറിന്റെ മകനാണ് കെ.എം. ഹനീഫ്. ഇതേ കൗണ്‍സിലില്‍ തൊട്ടടുത്ത പതിമൂന്നാം വാര്‍ഡില്‍ നിന്ന് (പള്ളിക്കാല്‍) മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോട് നഗരവികസനത്തിന്റെ ആശയത്തമ്പുരാന്‍ എന്ന് പില്‍കാലത്ത് വിശേഷിപ്പിക്കപ്പെട്ട കെ.എം. ഹസ്സനായിരുന്നു. അബ്ദുല്‍ ഖാദര്‍ പിന്നീട് ഒരിക്കല്‍ പോലും മത്സരിച്ചില്ലെങ്കിലും കെ.എം. ഹസ്സന്‍ 1988ലും 1995ലും വീണ്ടും പള്ളിക്കാലില്‍ നിന്ന് മത്സരിച്ച് വിജയം ആവര്‍ത്തിച്ചു. കെ.എസ്. സുലൈമാന്‍ ഹാജി നഗരസഭാ ചെയര്‍മാനായിരുന്ന കാലയളവില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി. 1988ല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എം. ഹസ്സന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് നഗരസഭാ ചെയര്‍മാന്‍ വി.എം. മുനീര്‍ ചെയര്‍മാന്‍ പദവിക്കൊപ്പം നഗരസഭാംഗത്വവും രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് കെ.എം. ഹനീഫ് ആദ്യമായി മത്സര രംഗത്തേക്ക് വരുന്നത്. ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇത്തവണ തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ നിന്നാണ് മത്സരിക്കാനിറങ്ങിയത്. ഹനീഫിന് വാപ്പയുടെയും എളേപ്പയുടെയും ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന മണ്ണാണിത്. ഇടത് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ ഹമീദും രംഗത്തുണ്ട്.