ഉബൈദ് ഓര്‍മ്മകള്‍ പൂത്തുലഞ്ഞ 2 നാള്‍; അക്ഷരവെളിച്ചം സര്‍ഗസഞ്ചാരത്തിന് സമാപനം

By :  Sub Editor
Update: 2025-10-06 11:06 GMT

കാസര്‍കോട്: കവി ടി. ഉബൈദിന്റെ ഓര്‍മ്മകളാല്‍ പൂത്തുലഞ്ഞ അക്ഷര വെളിച്ചം സര്‍ഗസഞ്ചാരത്തിന് ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ പ്രൗഢസമാപനം. സമൂഹത്തിന് ഉബൈദ് പകര്‍ന്നുനല്‍കിയ സന്ദേശങ്ങള്‍ പാടിയും പറഞ്ഞും വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും സ്വീകരണം ഏറ്റുവാങ്ങിയുമാണ് കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച സര്‍ഗസഞ്ചാരം മൊഗ്രാലില്‍ സമാപിച്ചത്. രണ്ടാംദിന സഞ്ചാരം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് ആരംഭിച്ചത്. ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂള്‍, പരവനടുക്കം, ചൗക്കി, ആരിക്കാടി, കുമ്പള എന്നിവിടങ്ങളില്‍ സഞ്ചരിച്ചാണ് ശനിയാഴ്ച രാത്രി മൊഗ്രാലില്‍ സമാപിച്ചത്. ഇസ്രായേലിന്റെ കിരാത വാഴ്ചക്കെതിരെ പ്രതിഷേധിച്ചും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സമാപന പരിപാടി ആരംഭിച്ചത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ എ.എസ് മുഹമ്മദ്കുഞ്ഞി, എം.മാഹിന്‍ മാസ്റ്റര്‍, ടി.എം ഷുഹൈബ്, അബ്ദുല്ല കുഞ്ഞി ഖന്ന, എം.എ മുംതാസ്, എ.എം സിദ്ദീഖ് റഹ്മാന്‍, എം.എ മൂസ, ബഷീര്‍ അഹമ്മദ്, കെ.എം മുഹമ്മദ്, എം.പി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. ടി.കെ അന്‍വര്‍ സ്വാഗതവും എരിയാല്‍ ഷരീഫ് നന്ദിയും പറഞ്ഞു. ഇസ്മായില്‍ തളങ്കര, യൂസഫ് കട്ടത്തടുക്ക, ടി.കെ അന്‍വര്‍, ഇബ്രഹിം മൊഗ്രാല്‍ എന്നിവര്‍ ഗാനങ്ങളും കവിതകളും ആലപിച്ചു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി, സെക്രട്ടറി എം.വി സന്തോഷ്, ട്രഷറര്‍ എരിയാല്‍ ഷെരീഫ് എന്നിവര്‍ക്ക് മൊഗ്രാല്‍ ദേശീയവേദിക്ക് വേണ്ടി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു. ഉബൈദിന്റെ സ്മരണയില്‍ അലിഞ്ഞുചേരാന്‍ ഇശല്‍ ഗ്രാമത്തില്‍ തടിച്ചുകൂടിയ ജനാവലിക്ക് കര്‍ണാനന്ദകരമായ ഉബൈദിന്റെ രചനകള്‍ നവ്യാനുഭവമായി മാറി.

Similar News