നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡില്‍ പരക്കെ കുഴികള്‍

Update: 2025-05-16 09:40 GMT

നീലേശ്വരം: നീലേശ്വരം-കോട്ടപ്പുറം-പയ്യന്നൂര്‍ തീരദേശ മെക്കാഡം റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ആനച്ചാല്‍, കോട്ടപ്പുറം ജുമാ മസ്ജിദിന് മുന്‍വശം, തുരുത്തി ക്ഷേത്രത്തിനു മുന്‍വശം, മടക്കര ജുമാ മസ്ജിദിന് മുന്‍വശം, അസൈനാര്‍ മുക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം അപ്രത്യക്ഷമായി. മെക്കാഡം ടാര്‍ ചെയ്ത റോഡുകള്‍ക്ക് പത്ത് വര്‍ഷത്തെ കാലാവധിയാണ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോട്ടപ്പുറം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. മടക്കര ജുമാ മസ്ജിദിന് മുന്‍വശത്ത് വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. അമിതഭാരം കയറ്റിയ ചരക്കു ലോറികള്‍ ധാരാളം കടന്ന് പോവുന്നതും വലിയ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുമാണ് റോഡുകള്‍ കൂടുതല്‍ തകരാന്‍ കാരണമായതെന്ന് പറയുന്നു. പടന്ന, ചെറുവത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് നീലേശ്വരം, കാഞ്ഞങ്ങാട് ടൗണുകളുമായി ബന്ധപ്പെടാനും ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധന തുറമുഖത്തെത്താനും തിരിച്ചുള്ള എളുപ്പവഴിയാണ് ഈ റോഡ്. ഭാരക്കൂടുതലുള്ള ചരക്ക് ലോറികളെ നിയന്ത്രിച്ചാല്‍ തന്നെ കോട്ടപ്പുറം പാലം വഴിയുള്ള റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലം വന്നെത്തിയാല്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും ഇതും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.

Similar News