നീലേശ്വരം റെയില്‍വെ വികസനം; സമഗ്ര നിര്‍ദ്ദേശങ്ങളുമായി നീലേശ്വരം നഗരസഭ

Update: 2025-08-06 10:51 GMT

നീലേശ്വരം : നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസന കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സ്റ്റേഷന്‍ സന്ദര്‍ശിച്ച സതേണ്‍ റെയില്‍വെ ഡിവിഷന്‍ മാനേജര്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത കൈമാറി. പല ട്രെയിനുകള്‍ക്കും നിലവില്‍ നീലേശ്വരത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ കിഴക്കന്‍ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ജനങ്ങള്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്ത വിഷയം പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ചെന്നൈ മെയിലിന് സ്റ്റോപ്പ് അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചു. പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും യാത്രക്കാര്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്ന ഇടങ്ങളില്‍ മുഴുവന്‍ മേല്‍ക്കൂര സ്ഥാപിക്കണമെന്നും സൂചിപ്പിച്ചു.

റെയില്‍വെ അധീനതയിലുള്ള പടിഞ്ഞാറ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് റെയില്‍വെയുമായി സഹകരിച്ച് സംയുക്തമായി ഡ്രൈനേജ് കം ഫുട്പാത്ത് നിര്‍മ്മിക്കാന്‍ നഗരസഭ സന്നദ്ധമാണെന്ന് റെയില്‍വെ അധികൃതരെ അറിയിച്ചു. വൈസ്‌ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, വാര്‍ഡ് കൗണ്‍സിലര്‍ പി.വത്സല, ടി.കെ.അനീഷ്, ശൈലേഷ്ബാബു, കെ.സതീശന്‍, സി.മോഹനന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Similar News