നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ലോറി ഡ്രൈവറുടെ അതിക്രമം; എസ്.ഐക്കും പൊലീസുകാരനും പരിക്ക്
മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍;
നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ലോറി ഡ്രൈവറുടെ അക്രമത്തില്‍ എസ്.ഐക്കും പൊലീസുകാരനും പരിക്കേറ്റു. എസ്.ഐ അരുണ്‍ മോഹന്‍, സിവില്‍ പൊലീസ് ഓഫീസര്‍ നിധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ലോറി ഡ്രൈവര്‍ ചായ്യോത്ത് മാനൂരി കിഴക്കേ വീട്ടില്‍ കെ.വി സന്തോഷിനെ(40) അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി സ്റ്റേഷനിലെത്തിയ സന്തോഷ് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒരു പരാതിയുണ്ടെന്ന് പറഞ്ഞു. പരാതി എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ സന്തോഷ് കസേരയും മറ്റും വലിച്ചെറിഞ്ഞു. ശബ്ദം കേട്ടെത്തിയ എസ്.ഐ അരുണ്‍ മോഹന്റെ കോളറില്‍ സന്തോഷ് പിടിക്കുകയും യൂണിഫോമിലെ നെയിം പ്ലേറ്റ് പിടിച്ചുപറിക്കുകയും മര്‍ദിക്കുകയും ചെയ്തു.
തടയാന്‍ ചെന്ന സിവില്‍ പൊലീസ് ഓഫീസര്‍ നിധീഷിനെയും സന്തോഷ് ആക്രമിച്ചു. അരുണ്‍ മോഹന്റെ കഴുത്തിനും നിധീഷിന്റെ കൈക്കും പരിക്കേറ്റു. ഒടുവില്‍ മറ്റ് പൊലീസുകാര്‍ ബലം പ്രയോഗിച്ചാണ് സന്തോഷിനെ പിടിച്ചുമാറ്റിയത്. എസ്.ഐയും പൊലീസുകാരനും നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ ചികില്‍സ തേടി. സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.