'ജി അരവിന്ദന്‍ മുതല്‍ ഋതുപര്‍ണഘോഷ് വരെ സുഹൃത്‌ലിസ്റ്റില്‍'; 'ജീവിതം സിനിമയാക്കട്ടെയെന്ന് ചോദിച്ചു': സുജിത് നമ്പ്യാര്‍

''ഞാന്‍ ചോദിച്ചിരുന്നു, ഡോക്ടറുടെ സംഭവ ബഹുലമായ ജീവിത കഥ ഞാന്‍ സിനിമയാക്കട്ടെയെന്ന് ? നീ ഉത്സാഹിക്ക്,, കൊമേഴ്‌സ്യല് താല്‍പ്പര്യല്ലാട്ടോ,അതൊന്ന് മനസ്സില് വെച്ചേക്ക് എന്നതായിരുന്നു എനിക്ക് കിട്ടിയ മറുപടി'';

Update: 2025-05-14 06:10 GMT

നീലേശ്വരം: തിങ്കളാഴ്ച അന്തരിച്ച ഡോ. ഹരിദാസിനെ കുറിച്ച് എല്ലാവര്‍ക്കും ഓര്‍ത്തെടുക്കാനുണ്ടായിരുന്നത് വിഷ ചികിത്സയിലെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ വൈദഗ്ദ്ധ്യത്തെ കുറിച്ചും മരണവക്കില്‍ നിന്ന് ജീവിതത്തെ കൈപിടിച്ചുയര്‍ത്തിയ അനുഭവങ്ങളുമൊക്കെയായിരുന്നു. എന്നാല്‍ ഡോ. ഹരിദാസിനെ കുറിച്ച് വേറിട്ട ഓര്‍മ പങ്കുവെക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് സുജിത് നമ്പ്യാര്‍. സിനിമാ സംവിധായകനാവാന്‍ മോഹിച്ച സമാന്തര സിനിമകളെ സ്‌നേഹിച്ചിരുന്ന ആളായിരുന്നു ഡോ. ഹരിദാസെന്നും കടല് പോലുള്ള ഡോക്ടറുടെ അനുഭവങ്ങള്‍ കുത്തിക്കുറിക്കാമായിരുന്നു എന്നൊരു വിഷമം മനസ്സില്‍ അവശേഷിക്കുന്നുവെന്നും സുജിത് നമ്പ്യാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തകര ഷീറ്റിനടിയിയിലെ അരണ്ട വെളിച്ചത്തില്‍ വിവിധ മരുന്നുകളുടെ മണം തങ്ങി നില്‍ക്കുന്ന ചെറിയൊരു ക്ലിനിക്ക്,, വിഷം തീണ്ടിയ രോഗിയുടെ കണ്ണുകള്‍ അടഞ്ഞ് പോകാതെ പള്‍സും നോക്കി തൊട്ടടുത്ത് ഇരിക്കുന്ന ഹരിദാസ് ഡോക്ടറെ ശ്രദ്ധിച്ച് കൊണ്ട് ക്ലിനിക്കിന്റെ മുറ്റത്ത് പ്രതീക്ഷകള്‍ നിറഞ്ഞ കണ്ണുകളോടെ കുറച്ച് പേര്‍ നില്‍ക്കുന്നുണ്ടാകും,, വിഷം ചീറ്റിയ പാമ്പും, മരണം ഉറപ്പിച്ച് വന്ന കാലനും ഹരിദാസ് ഡോക്ടറുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തോറ്റത് എണ്ണമറ്റാത്ത തവണ കളാണ്,,, ഓരോ തവണയും ഡോക്ടറുടെ ദൈവതുല്യമായ കൈ പിടിച്ച് വിഷം പാകിയ മരണത്തിന്റെ പടിവാതിക്കല്‍ നിന്നും ജീവിതത്തിലേക്ക് കയറി വന്നവര്‍ തന്നെയാണ് ഹരിദാസ് ഡോക്ടര്‍ക്കുള്ള സ്മാരകങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു,, വലിയ ആശുപത്രികള്‍ ലക്ഷങ്ങള്‍ വില പറഞ്ഞിട്ടും നീലേശ്വരത്തെ തന്റെ ചെറിയ ക്ലിനിക്ക് വിട്ടു പോകാന്‍ കൂട്ടാക്കാതെ സേവനതല്‍പരനായി കോഴിക്കോട്ട് നിന്നും നമ്മുടെ നാട്ടിലെത്തി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച തികഞ്ഞ മനുഷ്യസ്‌നേഹിയായ ഡോക്ടര്‍,,,, ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷ ചികിത്സാരംഗത്തെ ഡോക്ടറുടെ അനുഭവങ്ങള്‍ തേടി നമ്മുടെ നാട്ടില്‍ എത്തിയിരുന്നു എന്നത് ഏറെ അഭിമാനത്തോടെ ഓര്‍ക്കുന്നു,,, ഒരു സിനിമാ സംവിധായകനാകാന്‍ മോഹിച്ചിരുന്ന, സമാന്തര സിനിമകളെ സ്‌നേഹിച്ച ഡോക്ടറുടെ അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റില്‍ സാക്ഷാല്‍ ജി. അരവിന്ദന്‍ മുതല്‍ ഋതുപര്‍ണഘോഷ് വരെയുള്ളവര്‍ ഉണ്ടായിരുന്നു എന്നുള്ളത് എന്നോട് വളരെ സ്വകാര്യമായി ഒരിക്കെ പങ്കുവെച്ചത് കേട്ട് ഞാന്‍ ചോദിച്ചിരുന്നു,, ഡോക്ടറുടെ സംഭവ ബഹുലമായ ജീവിത കഥ ഞാന്‍ സിനിമയാക്കട്ടെയെന്ന് ? നീ ഉത്സാഹിക്ക്,, കൊമേഴ്‌സ്യല് താല്‍പ്പര്യല്ലാട്ടോ,,, അതൊന്ന് മനസ്സില് വെച്ചേക്ക് ,,, എന്നതായിരുന്നു എനിക്ക് കിട്ടിയ മറുപടി,, വേണ്ട സാര്‍... കച്ചവട കണക്കുകളില്‍ നിന്നൊക്കെ വളരെ ദൂരെയായിരുന്നു ഡോക്ടറും ഡോക്ടര്‍ നാടിന് ചെയ്ത ഉപകാരങ്ങളും എന്നറിയാം,, എന്നാലും കടല് പോലുള്ള ഡോക്ടറുടെ അനുഭവങ്ങള്‍ കുത്തിക്കുറിക്കാമായിരുന്നു എന്നൊരു വിഷമം മനസ്സില്‍ അവശേഷിക്കുന്നു,,,
വിട,,പ്രിയ ഹരിദാസ് ഡോക്ടര്‍,,

Similar News