കുടിവെള്ള പദ്ധതി പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു; ജലസംഭരണി നോക്കുകുത്തിയായി
ബദിയടുക്ക: ഗ്രാമീണ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ തുടക്കം കുറിച്ച പദ്ധതി പ്രവര്‍ത്തനത്തിന് ഒച്ചിന്റെ വേഗത. പണി തീര്‍ത്ത കൂറ്റന്‍ ജലസംഭരണി നോക്കുകുത്തിയായി മാറുന്നു. ബദിയടുക്ക, പുത്തിഗെ, കുമ്പഡാജെ തുടങ്ങിയ പഞ്ചായത്തുകളിലെ വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള വാട്ടര്‍ അതോറിറ്റിയാണ് കോടികള്‍ ചെലവഴിച്ച് പദ്ധതി പ്രവൃത്തി തുടങ്ങിയത്. മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര തടയണയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വിവിധ സ്ഥലങ്ങളില്‍ പണിത കൂറ്റന്‍ ടാങ്കുകളിലേക്ക് വെള്ളമെത്തിച്ച് അവിടെ നിന്നും വീടുകളിലേക്ക് ജല വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ തുടക്കത്തില്‍ തന്നെ അശാസ്ത്രീയമായ പ്രവൃത്തിയാണ് നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പൈപ്പ് ലൈനിന്റെ പ്രവൃത്തി നടത്തുന്നതിന് വിപരീതമായി പാതയോരങ്ങളില്‍ പൈപ്പുകള്‍ ഇറക്കി വെച്ചതല്ലാതെ തുടര്‍ പ്രവൃത്തിയൊന്നും നടന്നില്ല. ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പില്‍ കൂറ്റന്‍ ജലസംഭരണി നിര്‍മ്മിക്കുകയും പരിസരങ്ങളിലെ വീടുകളില്‍ മീറ്ററുകള്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ പദ്ധതി പ്രവര്‍ത്തനം ഉപേക്ഷിച്ച മട്ടിലാണ്. വര്‍ഷം രണ്ട് പിന്നിട്ടുവെങ്കിലും തുടര്‍ പ്രവൃത്തി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡുകള്‍ക്ക് കുറുകെ ശരിയായ രീതിയില്‍ കുഴിയെടുക്കാതെ വലിച്ച പൈപ്പുകളില്‍ പലതും വാഹനങ്ങള്‍ കയറിയിറങ്ങി പൊട്ടി പൊളിഞ്ഞു നശിക്കുകയാണ്. വേനല്‍കാലത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമാവുമ്പോള്‍ ബാവിക്കര തടയണയുടെ സമീപ പ്രദേശങ്ങളില്‍ പോലും ജലം ലഭിക്കാതെ വരുമ്പോള്‍ കിലോ മീറ്ററുകള്‍ ദൂരമുള്ള പ്രദേശത്തേക്ക് എങ്ങനെ വെള്ളം ലഭിക്കുമെന്നതും ചോദ്യ ചിഹ്നമാണ്. നിലവില്‍ കേരള ജലവിതരണ വകുപ്പിന് കീഴില്‍ ബദിയടുക്ക പഞ്ചായത്തിലെ പള്ളത്തടുക്ക പുഴയിലെ തലമ്പാടിയില്‍ നിന്നും പഞ്ചായത്തിലെ ചില സ്ഥലങ്ങളിലേക്ക് ജലവിതരണം ചെയ്യുന്നുണ്ടെങ്കിലും മതിയായ രീതിയില്‍ വെള്ളം ലഭിക്കാറില്ല. ലഭിക്കാത്ത വെള്ളത്തിന് ബില്ല് അടക്കേണ്ട അവസ്ഥയാണ് ഗുണഭോക്താക്കള്‍ക്ക്. ഇത് വ്യാപക പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.