അദാലത്തും കലക്ടറുടെ സന്ദര്‍ശനവും നടന്നിട്ടും വില്ലേജ് ഓഫീസുകളില്‍ ജീവനക്കാരുടെ കുറവ് പരിഹരിച്ചില്ല; അപേക്ഷകള്‍ ഫയലില്‍ തന്നെ
കാസര്‍കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ താലൂക്ക് തല അദാലത്തിലും ജില്ലാ കലക്ടര്‍ നടത്തിയ വില്ലേജ് ഓഫീസ് സന്ദര്‍ശനത്തിലും പരിഹാരമാകാതെ ജില്ലയിലെ ഭൂമി തരം മാറ്റ നടപടികള്‍. ഇത്തരം ഫയലുകള്‍ പരിഹരിക്കുന്നത് ജീവനക്കാരുടെ കുറവുമൂലം അനങ്ങാതെ കിടക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നൂറുകണക്കിന് അപേക്ഷകളാണ് ജില്ലയിലെ വിവിധ റവന്യൂ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. ഭൂമി തരം മാറ്റ നടപടികളും റീ സര്‍വ്വേയും വര്‍ഷങ്ങള്‍ എടുക്കുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. താലൂക്ക് തല അദാലത്തിലെങ്കിലും ഇതിന് പരിഹാരമാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടത്തിയ ജില്ലാ കലക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശന വേളയിലും നടപടികള്‍ക്ക് വേഗതയുണ്ടാകുമെന്ന് അപേക്ഷകര്‍ കരുതിയിരുന്നതുമാണ്. എന്നിട്ടും ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ നീങ്ങുന്നില്ല എന്നാണ് അപേക്ഷകരുടെ പരാതി. ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തതായി അപേക്ഷകര്‍ പറയുന്നു. പലവിധ ആവശ്യങ്ങള്‍ക്കുമായാണ് അപേക്ഷകര്‍ ഭൂമി തരം മാറ്റത്തിനും റീസര്‍വ്വേയ്ക്കും അപേക്ഷിക്കുന്നത്. ഭവന നിര്‍മ്മാണം, ബാങ്ക് ലോണ്‍, സ്ഥലവില്‍പ്പന തുടങ്ങിയവയ്ക്കൊക്കെ നികുതിയടച്ച രസീത് അനിവാര്യമാണ്. ഇത് ലഭിക്കണമെങ്കില്‍ ഭൂമി തരം മാറ്റ നടപടികളും റീസര്‍വേയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബുദ്ധിമുട്ട് മനസ്സിലാക്കി ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. എന്നിട്ടും ഒന്നിനും വേഗത ഉണ്ടായിട്ടില്ലെന്ന് അപേക്ഷകര്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം മാത്രമാണ് നല്‍കുന്നതെന്നും നടപ്പിലാക്കാന്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥരും പറയുന്നുണ്ട്. പരാതികളില്‍മേല്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം എല്ലാ മാസവും ചാര്‍ജ് വഹിക്കുന്ന ഓഫീസര്‍മാര്‍ വിലയിരുത്തണമെന്നും വില്ലേജ് തല ജനകീയ സമിതികള്‍ ചേരുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ലാന്റ് റവന്യൂ കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഭൂമി തരം മാറ്റല്‍ തീരുമാനം വേഗത്തിലാക്കാനും നടപടി സ്വീകരിക്കാനും ഓരോ താലൂക്കുകളിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിരുന്നു. എന്നിട്ടും മാറ്റം കണ്ടില്ല. കൃഷിഭവനുകളില്‍ ലഭിച്ച അപേക്ഷകള്‍ കൃഷി ഓഫീസര്‍മാര്‍ യഥാസമയം പരിശോധന നടത്തി റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ചു കൊടുത്തിട്ടും തീരുമാനം ഉണ്ടാകാത്തതില്‍ അപേക്ഷകര്‍ നിരാശയിലാണ്. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഫയല്‍ കലക്ടറേറ്റിലാണെന്ന വിവരമാണ് ലഭിക്കുന്നത്. ഇത്തരം പരാതികളില്‍ നടപടി വൈകരുതെന്ന് മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും സ്വന്തമായ ഭൂമിയില്‍ സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പോലും കഴിയാതെ അപേക്ഷകരുടെ കാത്തിരിപ്പ് നീളുകയാണ്. റവന്യൂ വകുപ്പില്‍ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. സംസ്ഥാനത്ത് 62 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായിട്ടും ജീവനക്കാരുടെ കുറവുമൂലം ഫയലുകള്‍ നീങ്ങാത്ത അവസ്ഥയുണ്ടാവുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.