10 പുസ്തകങ്ങള്‍ പുനര്‍വായന നടത്തി ഇബ്രാഹിം ബേവിഞ്ചക്ക് കാസര്‍കോട് സാഹിത്യവേദിയുടെ സ്മരണാഞ്ജലി
കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച 'ഇബ്രാഹിം ബേവിഞ്ച രു പുനര്‍വായന' പരിപാടിയില്‍ മോഡറേറ്റര്‍ നാരായണന്‍ പേരിയ സംസാരിക്കുന്നു
കാസര്‍കോട്: പ്രശസ്ത സാഹിത്യകാരനും അധ്യാപകനും പ്രഭാഷകനുമായിരുന്ന ഇബ്രാഹിം ബേവിഞ്ച എഴുതിയ 10 പുസ്തകങ്ങള്‍ പുനര്‍വായന നടത്തി അദ്ദേഹത്തിന് കാസര്‍കോട് സാഹിത്യവേദിയുടെ സ്മരണാഞ്ജലി. 'ഇബ്രാഹിം ബേവിഞ്ച ഒരു പുനര്‍വായന' എന്ന ശീര്‍ഷകത്തില്‍ പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇബ്രാഹിം ബേവിഞ്ചയുടെ കുടുംബാംഗങ്ങളും അടക്കമുള്ളവരും സംബന്ധിച്ച ചടങ്ങ് അദ്ദേഹത്തിലെ എഴുത്തുകാരനെയും എഴുത്തിലെ വേറിട്ട രീതിയെയും അടയാളപ്പെടുത്തുന്നതായി. നാരായണന്‍ പേരിയ മോഡറേറ്ററായിരുന്നു.
'പ്രസക്തി' എന്ന പുസ്തകം എ.എസ് മുഹമ്മദ്കുഞ്ഞിയും 'ഉബൈദിന്റെ തീപിടിച്ച പള്ളിയും പി. കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും' എന്ന പുസ്തകം പത്മനാഭന്‍ ബ്ലാത്തൂരും 'മതിലുകള്‍ ഇനിയും ഇടിയാനുണ്ട്' സൂരജ് മേലത്തും 'ഇസ്ലാമിക സാഹിത്യം മലയാളത്തില്‍' പി.എസ് ഹമീദും 'നിള തന്ന നാട്ടെഴുത്തുകള്‍' രാധാകൃഷ്ണന്‍ പെരുമ്പളയും 'ഖുര്‍ആനും ബഷീറും' അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാനും 'മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍' രവീന്ദ്രന്‍ രാവണേശ്വരവും 'ബഷീര്‍ ദ മുസ്ലിം' ഡോ. വിനോദ് കുമാര്‍ പെരുമ്പളയും 'പക്ഷിപ്പാട്ട് ഒരു പുനര്‍വായന' ടി.കെ അന്‍വറും ഹ്രസ്വമായ സമയത്തിനുള്ളില്‍ മനോഹരമായി പുനര്‍വായന നടത്തി. പക്ഷിപ്പാട്ടില്‍ നിന്നുള്ള വരികള്‍ അന്‍വര്‍ ഇശലോടെ പാടി കേള്‍പ്പിക്കുകയും ചെയ്തു. സാഹിത്യവേദി ജനറല്‍ സെക്രട്ടറി എം.വി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, കവി രവീന്ദ്രന്‍ പാടി, ഷെരീഫ് കൊടവഞ്ചി, ഇബ്രാഹിം ബേവിഞ്ചയുടെ മകള്‍ ശബാന ബേവിഞ്ച പ്രസംഗിച്ചു. ട്രഷറര്‍ എരിയാല്‍ ഷെരീഫ് നന്ദി പറഞ്ഞു.