ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മകള്‍ സ്മരിച്ച് ഗവ. കോളേജ് എം.എസ്.എഫ്
ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിമിനെ അനുസ്മരിച്ച് എം.എസ്.എഫ് കാസര്‍കോട് ഗവ. കോളേജ് യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ സംഗമം മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: 1965 സെപ്റ്റംബറില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ അസല്‍ ഉത്തര്‍ യുദ്ധത്തില്‍ പഞ്ചാബിലെ ഖേം കരണ്‍ സെക്ടറില്‍ വീരമൃത്യു വരിച്ച 92 മൗണ്ടന്‍ രജിമെന്റിലെ ക്യാപ്റ്റന്‍ കാസര്‍കോട് തളങ്കര സ്വദേശിയായ പി. മുഹമ്മദ് ഹാഷിമിനെ വീര വേര്‍പാടിന്റെ അറുപതാം വാര്‍ഷികത്തില്‍ കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി അനുസ്മരിച്ചു. 1960-കളില്‍ കോളേജിലെ ബി.എസ്.സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥി കൂടിയായിരുന്നു ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിം. അനുസ്മരണ സംഗമം കോളേജ് വിളക്കിനടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കനത്തപ്പോള്‍ പാകിസ്താനെതിരെ യുദ്ധം ചെയ്യണം എന്ന് പ്രഖ്യാപിച്ച് 6 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ധീര ദേശാഭിമാനത്തിന്റെ അടയാളങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ രാജ്യസ്‌നേഹിയായിരുന്നു ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഹാഷിമിനെ കാസര്‍കോടിന് പരിചയപ്പെടുത്തി ഉത്തരദേശത്തില്‍ ടി.എ ഷാഫി എഴുതിയ 'സല്യൂട്ട് മുഹമ്മദ് ഹാഷിം' എന്ന ലേഖനമടങ്ങിയ ദേശക്കാഴ്ച എന്ന പുസ്തകം എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിക്ക് സമ്മാനിച്ചു. പ്രസിഡണ്ട് മുഹമ്മദ് സുനൈബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജമീല്‍ അഹമ്മദ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ഗസ്വാന്‍ നന്ദിയും പറഞ്ഞു.