പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി: യുവാവ് മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇയ്യാടന്‍ ഷാനിദ് (28) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന 130 ഗ്രാം എംഡിഎംഎ യുടെ പൊതിയാണ് വിഴുങ്ങിയത്. ഷാനിദ് തന്നെയാണ് ഇക്കാര്യം താമരശ്ശേരി പൊലീസിനെ അറിയിച്ചത്. അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി ശരീരത്തില്‍ എത്തിയതാണോ മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെയേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.