പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Update: 2025-12-17 07:38 GMT

പാനൂരിലെ വടിവാള്‍ അക്രമത്തിന്റെ ദൃശ്യം

കണ്ണൂര്‍: പാനൂരില്‍ വടിവാള്‍ ഉപയോഗിച്ച് അക്രമം നടത്തിയ സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുല്‍ എന്നിവരെയാണ് മൈസൂരില്‍ വെച്ച് പൊലീസ് സംഘം പിടികൂടിയത്. സംഭവത്തില്‍ അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് വാഹനം തകര്‍ത്തതടക്കമുള്ള കുറ്റം ചുമത്തിയാണ് കേസ്. ശനിയാഴ്ച വൈകിട്ട് പാനൂരില്‍ യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചത്. ഇതിന്റെ ഭാഗമായി പാറാട് ടൗണില്‍ നടത്തിയ ആഹ്ലാദപ്രകടനത്തെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.


Similar News