കിണര്‍ വെള്ളത്തിന് രുചി വ്യത്യാസവും ദുര്‍ഗന്ധവും; ഡയാലിസിസ് സെന്ററിനെതിരെ നാട്ടുകാര്‍
വിദ്യാനഗര്‍: ബാരിക്കാട് ഭാഗത്ത് കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസവും ദുര്‍ഗന്ധവും രൂപപ്പെടുന്നതായി നാട്ടുകാര്‍. പ്രദേശത്തെ അഭയം ഡയാലിസിസ് സെന്ററില്‍ നിന്നുള്ള മലിനജലം പ്രദേശത്തേക്ക് ഒഴുക്കിവിടുന്നതാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഡയാലിസിസ് സെന്ററില്‍ നിന്നുള്ള മലിനജലം ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
ഒന്നര വര്‍ഷം മുമ്പാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിന്നുള്ള മലിനജലം കാലങ്ങളായി പ്രദേശത്ത് ഒഴുക്കിവിട്ടതിനെ തുടര്‍ന്നാണ് കിണറുകളിലെ വെള്ളം മലിനമായതെന്നാണ് നാട്ടുകാരുടെ പരാതി. കുടിവെള്ളത്തിന് രുചിവ്യത്യാസവും ദുര്‍ഗന്ധവും കണ്ടെത്തിയതോടെ ജല അതോറിറ്റി ലാബില്‍ പരിശോധനക്കയച്ചു. സംഭവത്തില്‍ സത്വരനടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ചു. ശക്തമായ സമരവും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.കഴിഞ്ഞ ദിവസം ചേര്‍ന്ന കര്‍മ്മ സമിതി യോഗത്തില്‍ ബാരിക്കാട് ബദര്‍ ജമാഅത്ത് പ്രസിഡണ്ട് കെ.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളടക്കമുള്ളവര്‍ സംബന്ധിച്ചു. എ. മുഹമ്മദ്കുഞ്ഞി ചെയര്‍മാനും പി.ബി. കൃഷ്ണന്‍ കണ്‍വീനറുമായുള്ള കര്‍മ്മസമിതിയാണ് രൂപീകരിച്ചത്.
വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് വിദ്യാനഗര്‍ സി.ഐ. യു.പി. വിപിന്‍ പറഞ്ഞു.
അതേസമയം നാട്ടുകാരുടെ ആശങ്കകള്‍ ഗൗരവമായി കാണുന്നുവെന്നും പരാതികള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നിയമസംവിധാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അഭയം മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.