ചാലിങ്കാലില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍

ആശങ്ക വര്‍ധിക്കുന്നു; വനപാലകരും പൊലീസും സ്ഥലത്തെത്തി;

By :  Sub Editor
Update: 2025-02-27 09:52 GMT

പെരിയ: ചാലിങ്കാലില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ചാലിങ്കാല്‍ കമ്മാടത്തുപാറക്ക് സമീപം നാര്‍ക്കുളത്താണ് ഇന്ന് രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കമ്മാടത്തുപാറയില്‍ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയിലും കണ്ടെത്തി. വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദനും കമ്മാടത്തുപാറയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചൊവ്വാഴ്ച രാത്രി പെരിയ കേന്ദ്രസര്‍വകലാശാലക്ക് സമീപം ചാലിങ്കാല്‍ മൊട്ട ഭാഗത്ത് പുലിയെ കണ്ടിരുന്നു. ദേശീയപാതയിലൂടെ വരികയായിരുന്ന കാറിന് കുറുകെ പുലി ചാടുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേന്ദ്രസര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശവാസികളും കടുത്ത ആശങ്കയില്‍ കഴിയുന്നതിനിടെയാണ് കമ്മാടത്തുപാറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ ആശങ്ക വ്യാപകമാകുകയാണ്. ഇന്നലെ വൈകിട്ട് മീങ്ങോത്ത് തോട്ടില്‍ പുലിയെ കണ്ടവരുണ്ട്. നേരത്തെ നിരവധി തെരുവ് നായ്ക്കളാണ് കമ്മാടത്തുപാറയിലുണ്ടായിരുന്നത്. ഇപ്പോള്‍ മിക്ക നായ്ക്കളെയും കാണാതായിട്ടുണ്ട്. കമ്മാടത്തുപാറ, നാര്‍ക്കുളം ഭാഗത്ത് താമസിക്കുന്നവരില്‍ ഏറെയും ആദിവാസി കുടുംബങ്ങളാണ്. ഈ കുടുംബങ്ങളിലെ കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ജോലിക്കും പോവുന്നത് കമ്മാടത്തുപാറയിലെ പൊതുവഴിയിലൂടെയാണ്. ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കുട്ടികളും രക്ഷിതാക്കളും അടക്കം അങ്കലാപ്പിലാണ്. രാത്രികാലങ്ങളില്‍ ഈ ഭാഗത്തുകൂടിയുള്ള ആള്‍ സഞ്ചാരം ഒഴിവാക്കണമെന്നും പകല്‍ നേരത്തുപോലും ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അസ്ഥയിലാണുള്ളത്.


Similar News