കാസര്‍കോട്: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായ ഇന്റര്‍ലോക്ക് പാകിയ നടപ്പാതയില്‍ പാതാളക്കുഴി രൂപപ്പെട്ടത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് നിന്ന് എം.ജി റോഡിലേക്ക് പോവുന്ന റോഡിന്റെ വലതു ഭാഗത്ത് എസ്.ബി.ഐ ബാങ്കിന് അടുത്താണ് പാതാളക്കുഴി രൂപപ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ മുമ്പാണ് റോഡിന്റെ ഇരുഭാഗത്തും ഇന്റര്‍ലോക്ക് പാകി നടപ്പാത ഒരുക്കിയത്. ഇന്റര്‍ലോക്ക് നടപ്പാതയുടെ തുടക്കത്തില്‍ സിമന്റ് ഇളകിയാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകള്‍ നടന്നുപോവുന്ന വഴിയിലാണ് അപകടഭീഷണിയായി കുഴിയുള്ളത്. ഓവുചാലിന്റെ സ്ലാബും ഇളകി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതും അപകട ഭീഷണി ഉയര്‍ത്തുകയാണ്.