അപകടങ്ങള്‍ പതിവായി ഉക്കിനടുക്ക റോഡ്; പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടല്‍ തൊഴിലാളിക്ക് പരിക്ക്

Update: 2026-01-08 09:41 GMT

അപകടത്തില്‍പെട്ട പിക്കപ്പ് വാനും സ്‌കൂട്ടറും

ബദിയടുക്ക: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡില്‍ അപകടം പതിവാകുമ്പോഴും അധികൃതര്‍ക്ക് മൗനം. പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. ഉക്കിനടുക്കയിലെ ഹോട്ടല്‍ തൊഴിലാളിയായ പരമേശ്വര(48)നാണ് പരിക്കേറ്റത്. പെര്‍ള-കാസര്‍കോട് റോഡും ബണ്‍പ്പത്തടുക്കയിലൂടെ മെഡിക്കല്‍ കോളേജ് റോഡും വഴി ഉക്കിനടുക്ക ജംഗ്ഷനില്‍ എത്തിച്ചേരുന്ന റോഡിലാണ് അപകടം പതിഞ്ഞിരിക്കുന്നത്. ഇരുവശങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനമോ അപകട സൂചനാ ബോര്‍ഡോ ഇവിടെയില്ല. ഇതേ തുടര്‍ന്ന് ഇവിടെ അപകടം പതിവാവുകയാണ്. അതോടൊപ്പം തെരുവ് നായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തെരുവ്‌നായകള്‍ റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. അന്ന് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും തെരുവ് നായ ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല.


Similar News