രാജ്യത്ത് സ്ഥിരമായ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം-വിജയരാഘവന്‍
സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ സംസാരിക്കുന്നു
സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗരിയില്‍ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് ദീപശിഖ തെളിക്കുന്നു
കാഞ്ഞങ്ങാട്: രാജ്യത്ത് സ്ഥിരമായ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അതില്‍ നിന്നും മുതലെടുപ്പിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. കോട്ടച്ചേരി എ.കെ നാരായണന്‍, കെ. കുഞ്ഞിരാമന്‍ നഗറില്‍ സി.പി.എം ജില്ലാ സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതോപാധിയായ തൊഴിലുറപ്പ് പദ്ധതി അനാകര്‍ഷകമാക്കി. 86,000 കോടിയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി നീക്കിവെച്ച ഫണ്ടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തിരികെയെടുത്തത്. രാജ്യത്തെ പണം പോകുന്നത് വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കാണ്. മോദി ഭരണത്തില്‍ മുതലാളിമാര്‍ക്കാണ് നല്ലകാലം. കേന്ദ്രസര്‍ക്കാരിന്റെ ബദലായ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വളര്‍ച്ചയെ തടയാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്-വിജയരാഘവന്‍ പറഞ്ഞു.
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. സംസ്ഥാനത്തെ 96 ശതമാനം കുടുംബങ്ങള്‍ക്കും വീടായി. ഇത്തരത്തില്‍ സാമാന്യ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ ഏതു വിധത്തിലും ദ്രോഹിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.
വികസനകാര്യത്തില്‍ ജില്ലയ്ക്ക് വേണ്ട പരിഗണന കിട്ടുന്നില്ല
പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വിമര്‍ശനം
കാഞ്ഞങ്ങാട്: സി.പി.എം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന്റെ പ്രവര്‍ത്തനവും പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. എം.വി ഗോവിന്ദന്റെ സൗമ്യമുഖം നഷ്ടമായി. തദ്ദേശസ്ഥാപനങ്ങളിലെ നികുതി വര്‍ധന ജനങ്ങള്‍ക്ക് ഭാരമായി. ഇ.പി ജയരാജന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. വികസനകാര്യത്തില്‍ ജില്ലയ്ക്ക് വേണ്ട പരിഗണന കിട്ടുന്നില്ലെന്നും വിമര്‍ശം ഉയര്‍ന്നു. പ്രതിനിധി സമ്മേളന ചര്‍ച്ചയ്ക്കിടയിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നത്. രണ്ട് സര്‍ക്കാറുകളുണ്ടായിട്ടും ജില്ലയ്ക്ക് പാര്‍ട്ടിയുടെ മന്ത്രിയെ തന്നിട്ടില്ല. ഈ സമ്മേളനത്തില്‍ സര്‍ക്കാറിന്റെ പ്രതിനിധിയെ അയക്കാനും നേതൃത്വം തയ്യാറായിട്ടില്ല.
അധികാരത്തിന്റെ ധാര്‍ഷ്ട്യം നേതാക്കള്‍ക്കിടയിലുണ്ടെന്നും എളിമയും വിനയവും നഷ്ടപ്പെടുന്നുവെന്നുമായിരുന്നു മറ്റൊരു വിമര്‍ശം. നേതാക്കളുടെ നാക്കുപിഴ പാര്‍ട്ടിയെ ബാധിക്കുന്നുണ്ട്. സംസാരിക്കുേമ്പാള്‍ സംയമനം പാലിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ കേന്ദ്രകമ്മിറ്റി അംഗത്തിന്റെ പ്രസ്താവനയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പോളിറ്റ് ബ്യൂറോ അംഗത്തിന്റെ പ്രസ്താവനയും പാര്‍ട്ടിക്ക് വിനയായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.വി ബാലകൃഷ്ണന്റെ കനത്ത തോല്‍വിയെ പാര്‍ട്ടി ഗൗരവത്തിലെടുത്തില്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു.
തോല്‍വിയെ ഈ രീതിയില്‍ സമീപിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് പ്രതിനിധി പറഞ്ഞു. മഞ്ചേശ്വരത്ത് ഏരിയ സെക്രട്ടറിയുടെ ചുമതല ജില്ലാ നേതാക്കള്‍ക്ക് നല്‍കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.