മാര്‍ക്കറ്റ് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കുന്നു

പിഴ ഈടാക്കിയിട്ടും താക്കീത് നല്‍കിയിട്ടും ഗൗനിച്ചില്ല

By :  Sub Editor
Update: 2024-12-17 09:33 GMT

മലിനജലം റോഡിലേക്കൊഴുകുന്നു

കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ നിന്നും കരിപ്പൊടി റോഡിലേക്ക് പോകുന്ന ഭാഗത്ത് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ലോഡ്ജ് കെട്ടിടത്തിലെ മലിനജലം ഒഴുക്കി വിടുന്നത് റോഡിലേക്ക്. ഇത് സംബന്ധിച്ച് 20-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭാ അധികൃതരെ വിവരമറിയിക്കുകയും അധികൃതര്‍ എത്തി പരിശോധിക്കുകയും കെട്ടിട ഉടമയ്ക്ക് താക്കീത് നല്‍കുകയും കാല്‍ ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് ആവര്‍ത്തിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരിസര വാസികള്‍ കൗണ്‍സിലറെ അറിയിച്ചതോടെ വിഷയം നഗരസഭയിലും അതോടൊപ്പം നാഷണല്‍ ഹെല്‍ത്ത് മിഷനും വാര്‍ഡ് കൗണ്‍സിലര്‍ പരാതി നല്‍കി. കഴിഞ്ഞ കുറേ ദിവസങ്ങളായി രാത്രി കാലത്തും പകല്‍ സമയങ്ങളിലുമെല്ലാം മലിനജലം റോഡില്‍ ഒഴുക്കിവിടുന്നതായാണ് പരാതി ഉയര്‍ന്നത്. മലിനജലം കാരണം അസഹനീയമായ ദുര്‍ഗന്ധം വമിക്കുകയാണ്. ഈ കെട്ടിടത്തില്‍ 48 മുറികളാണ് ഉള്ളത്. ഇവിടെ താമസിക്കുന്നവര്‍ എല്ലാം അതിഥി തൊഴിലാളികളുമാണ്. ഫോര്‍ട്ട് റോഡ്-കരിപ്പൊടി റോഡ് വഴി മാര്‍ക്കറ്റിലേക്ക് വാഹനത്തിലും കാല്‍ നടയായും നിരവധി പേരാണ് സഞ്ചരിക്കുന്നത്.

അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് പൊതു സ്ഥലത്ത് ശൗചാലയങ്ങളില്‍ നിന്ന് അടക്കമുള്ള മലിനജലം ഒഴുക്കിവിടുന്നത്. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ രോഗഭീതിയിലുമാണ്. നഗരസഭാ പരിധിയില്‍ ഈയിടെ മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന കാര്യവും ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ കെട്ടിട സമുച്ചയത്തില്‍ ചെറിയ സെപ്റ്റിക്ക് ടാങ്കാണ് ഉള്ളതെന്നും സംസ്‌ക്കരണ പ്ലാന്റ് ഇല്ലെന്നും ആരോപണമുണ്ട്. മലിനജലം ഓടയില്‍ ഒഴുക്കി വിടുന്നതും കുറ്റകരമാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മലിന ജലമൊഴുകുന്നതിനടിയിലാണ് സ്ഥിതി ചെയ്യുന്നത്. പൈപ്പ് തകര്‍ന്നാല്‍ കുടിവെള്ളത്തിലേക്ക് മലിനജലം കലരുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ആറ് മാസം മുമ്പാണ് തകര്‍ന്നു കിടന്ന റോഡ് റീ ടാറിംഗ് നടത്തിയത്. സ്ഥിരമായി മലിനജലം ഒഴുക്കുന്നതുമൂലം റോഡും തകരുമെന്ന സ്ഥിതിയിലാണ്.


Similar News