കാട്ടുവിറകിന് ക്ഷാമം; വില്‍പന ഡിപ്പോകള്‍ പ്രതിസന്ധിയില്‍

By :  Sub Editor
Update: 2025-01-18 09:53 GMT

കാസര്‍കോട്: ഒരു കാലത്ത് യഥേഷ്ടം കിട്ടിയിരുന്ന കാട്ടു വിറകിന് ക്ഷാമം. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദുരിതത്തിലായി. കാസര്‍കോട് താലൂക്കിലെ ഡിപ്പോകളില്‍ കാട്ടുവിറകുകള്‍ വിതരണം ചെയ്തിരുന്ന ഏജന്റുമാര്‍ കഴിഞ്ഞ ഒരു മാസത്തിലധിമായി വിറകുകള്‍ കിട്ടാത്തതിനാല്‍ വിതരണം ചെയ്യുന്നില്ലെന്ന് ഡിപ്പോ നടത്തുന്നവര്‍ പറയുന്നു. അതേസമയം കാട്ടുവിറകുകള്‍ ലഭിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിറകുകള്‍ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് വന്‍തോതില്‍ കയറ്റി കൊണ്ടുപോവുകയാണെന്നും ഏജന്റുമാര്‍ പറയുന്നു. കാട്ടു വിറകുകള്‍ പൊടിച്ച് പേപ്പര്‍ മില്ലുകളിലേക്ക് കൊണ്ടുപോവുകയാണെന്നും ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്നുമാണ് വിശദീകരണം. പേപ്പര്‍ മില്ലുകളിലേക്ക് കയറ്റി അയക്കുന്ന വിറകിന് നല്ല വില ലഭിക്കുന്നുണ്ടെത്രെ. നേരത്തെ ഡിപ്പോയ്ക്ക് നല്‍കിയിരുന്ന കാട്ടുവിറകുകള്‍ക്ക് ക്ഷാമം കാരണം കിലോയ്ക്ക് ഇപ്പോള്‍2ഉം 3ഉം രൂപയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതുകാരണം ഉപഭോക്താക്കള്‍ക്ക് വിറകിന് വില വര്‍ധിപ്പിച്ച് നല്‍കേണ്ട അവസ്ഥയാണെന്നും ഇതും പ്രതിസന്ധിക്ക് കാരണമാവുന്നുവെന്നും ഡിപ്പോ ഉടമകള്‍ പറയുന്നു. വിവാഹ വീടുകളിലേക്കും മറ്റും ഭക്ഷണം പാകം ചെയ്യാന്‍ കാട്ടുവിറകുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് വിഭാഗവും ഇതോടെ പ്രതിസന്ധിയിലാണ്. പൊതുവെ വിറക് ഡിപ്പോകള്‍ അപ്രത്യക്ഷമാകുന്ന ഇക്കാലത്ത് വിറക് ക്ഷാമവും നേരിടേണ്ടിവരുന്നത് ഈ മേഖലയില്‍ കച്ചവടം ചെയ്യുന്നവര്‍ക്കും അവരെ ആശ്രയിക്കുന്നവര്‍ക്കും ദുരിതമാവുന്നു.

Similar News