രഞ്ജിയില്‍ പുതുചരിത്രമെഴുതി കേരളം; അസ്ഹറിന്റെ നേട്ടത്തില്‍ കാസര്‍കോടിന്റെ ആവേശം അലതല്ലി

By :  Sub Editor
Update: 2025-02-22 10:55 GMT

കാസര്‍കോട്: അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ടീം രഞ്ജി ട്രോഫി ഫൈനലിലേക്ക് പ്രവേശിച്ചതോടെ ഈ ചരിത്ര നേട്ടത്തിലേക്ക് നിര്‍ണ്ണായക പങ്കുവഹിച്ചത് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന ജൂനിയര്‍ അസ്ഹര്‍ ആണെന്നതില്‍ കാസര്‍കോടിന്റെ ആവേശം അലതല്ലുന്നു. ഗുജറാത്തിനെതിരായ സെമിയിലെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താകാതെ അസ്ഹറുദ്ദീന്‍ നേടിയ 177 റണ്‍സാണ് കേരള ടീമിന്റെ ഫൈനല്‍ പ്രവേശനത്തില്‍ ഏറെ നിര്‍ണ്ണായകമായത്.

അസ്ഹര്‍ തന്നെയായിരുന്നു കളിയിലെ കേമന്‍.

കാസര്‍കോടിന്റെ വാഹന രജിസ്‌ട്രേഷന്‍ നമ്പറായ 14 എന്നത് തന്റെ ജേഴ്‌സിയില്‍ കോറിയിട്ട അസ്ഹറിന്റെ ഓരോ നേട്ടങ്ങളും കാസര്‍കോട്ടുകാര്‍ അഭിമാനത്തോടെയാണ് കൊണ്ടാടുന്നത്. ഇന്നലെ ആദ്യ ഇന്നിംഗ്‌സിലെ 2 റണ്‍സ് ലീഡ് നേട്ടത്തോടെ കേരളം ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ അസ്ഹറിന്റെ വീടും കുടുംബവും തളങ്കര നാടും മധുരം പങ്കുവെച്ചാണ് സന്തോഷം പങ്കിട്ടത്. ഫൈനലില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച് കേരളത്തിന് മിന്നും നേട്ടം സമ്മാനിച്ച അസ്ഹര്‍ ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത് രഞ്ജി ട്രോഫി സ്വന്തമാക്കുകയെന്ന കേരളത്തിന്റെ സ്വപ്‌ന നേട്ടത്തിലേക്ക് നിമിത്തമാകുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

അസ്ഹറുദ്ദീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ജന്മനാടായ തളങ്കര കടവത്തെ ക്രിക്കറ്റ് ക്ലബ്ബായ ടി.സി.സി. തളങ്കരയും അഭിനന്ദിച്ചു.


Similar News