ആതുരസേവനത്തിലെ ജനകീയന്‍ ഡോ. അബ്ദുല്‍ സത്താര്‍ വിരമിച്ചു;ജനറല്‍ ആസ്പത്രിയില്‍ നിന്ന് പടിയിറങ്ങി

Update: 2025-03-03 10:23 GMT

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 25 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുകയാണ് ജനപ്രിയനായ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍.കാല്‍നൂറ്റാണ്ടുകാലം സാധാരണക്കാരുടെ ആരോഗ്യത്തിന് വേണ്ടി കര്‍മനിരതനായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അബ്ദുല്‍ സത്ാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും തുടര്‍ന്ന് ശ്വാസകോശ രോഗ വിഭാഗത്തില്‍ പി.ജിയും നേടി. യു.കെയിലെ റോയല്‍ കോളേജ് ഓഫ് ഫിസീഷ്യന്‍സില്‍ നിന്ന് എം.ആര്‍.സി.പി പൂര്‍ത്തിയാക്കി. ഗ്ലാസ്‌ഗോ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ എഫ്.ആര്‍.സി.പി കരസ്ഥമാക്കി. ഒപ്പം ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും എം.ബി.എയും അബ്ദുല്‍ സത്താര്‍ നേടി.

എണ്ണമറ്റ രോഗികള്‍ക്ക് സാന്ത്വനമായിരുന്നു അബ്ദുല്‍ സത്താര്‍. രോഗികള്‍ക്കൊപ്പം സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രീയപ്പെട്ടവനായിരുന്നു. ആതുര സേവനത്തിന് പുറമെ കാസര്‍കോടിന്റെ സാഹിത്യ, സാംസ്‌കാരിക മേഖലകളിലും സജീവമായ അബ്ദുല്‍ സത്താറിന്റെ പുസ്തകങ്ങള്‍ വലിയ തോതില്‍ വായിക്കപ്പെട്ടതാണ്.

പുലര്‍കാല കാഴ്ചകള്‍, ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍, യാത്രകള്‍ അനുഭവങ്ങള്‍, ഓര്‍മകള്‍ പെയ്യുന്ന ഇടവഴികള്‍, എന്നിവയാണ് പ്രധാന രചനകള്‍.

ഡോ. അബ്ദുല്‍ സത്താറിന് ജനറല്‍ ആസ്പത്രി സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. എഫ്.ആര്‍.സി.പി, എം.ആര്‍.സി.പി ഉള്‍പ്പെടെയുള്ള വിദേശ ബിരുദങ്ങള്‍ ഉണ്ടായിട്ടും വിരമിക്കുന്നത് വരെ സര്‍ക്കാര്‍ ആസ്പത്രിയില്‍ സേവനം ചെയ്ത ഡോ. സത്താറിന്റെ സാമൂഹ്യ പ്രതിബദ്ധതയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. മനുഷ്യ സ്നേഹിയായ ഡോക്ടറും എഴുത്തുകാരനും വോളിബോള്‍ കളിക്കാരനും എന്ന നിലയില്‍ ഡോ. അബ്ദുല്‍ സത്താറിന്റെ സേവനങ്ങളെ സഹപ്രവര്‍ത്തകര്‍ പ്രത്യേകം എടുത്തുപറഞ്ഞു. ആസ്പത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. പി.എ ഷരീന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹ്‌മദ്, ഡോ. സുനില്‍ചന്ദ്രന്‍, ടി. സതീശന്‍, ഡോ. ജനാര്‍ദ്ദന നായക്, ഡോ. വാസന്തി, ഡേവിസ്, ചന്ദ്രാവതി, ഹരീന്ദ്രനാഥ്, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

Similar News