ജില്ലയിലെ രണ്ട് സുപ്രധാന കേസുകളിലും പ്രതി ഒരാള്‍: വിചാരണാനടപടിക്രമങ്ങള്‍ ആരംഭിച്ചു

പടന്നക്കാട്ട് 10വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും മേല്‍പ്പറമ്പിലെ പോക്സോ കേസിലും വിചാരണ നടപടിക്രമങ്ങള്‍ തുടങ്ങി

Update: 2024-12-19 10:05 GMT

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത് വഴിയിലുപേക്ഷിക്കുകയും ചെയ്ത കേസിന്റെ വിചാരണാ നടപടികള്‍ ഹൊസ്ദുര്‍ഗ് പോക്‌സോ കോടതിയിലാരംഭിച്ചു. പ്രതി കര്‍ണാടക കുടക് സ്വദേശി പി.എ സലീമിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് 15ന് പുലര്‍ച്ചെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ടാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സലീം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം വല്യച്ഛന്‍ പശുവിനെ കറക്കുന്നതിനായി പുറത്തേക്ക് പോയതായിരുന്നു. വീടിന് 500 മീറ്റര്‍ അകലെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കാതിലെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ വഴിയിലുപേക്ഷിച്ച് പ്രതി സ്ഥലം വിട്ടു. പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച ശേഷം വീട്ടുകാരോട് സംഭവം പറഞ്ഞു. ഇതോടെയാണ് നടുക്കുന്ന പീഡന വിവരം നാടറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചെങ്കിലും തുടക്കത്തില്‍ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ പ്രതിയെ തിരിച്ചറിയുകയും ആന്ധ്രയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണക്കമ്മല്‍ കൂത്തുപറമ്പിലെ ജ്വല്ലറിയിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്. തെളിവെടുപ്പിനിടെ പൊലീസ് ഈ കമ്മല്‍ കണ്ടെടുത്തിരുന്നു. ജ്വല്ലറിയില്‍ കമ്മല്‍ വില്‍ക്കാന്‍ പ്രതിയെ സഹായിച്ച സഹോദരി സുവൈബ കേസില്‍ രണ്ടാം പ്രതിയാണ്. തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളാണ് സലീമിനെതിരെ ചുമത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറായിരുന്ന എം.പി ആസാദാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 300 പേജുള്ള കുറ്റപത്രം കൃത്യം നടന്ന് 39-ാം ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിയുടെ ഡി.എന്‍.എ പരിശോധനാഫലമടക്കം 42 ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയിരുന്നു. 67 സാക്ഷികളുണ്ട്. അതിനിടെ പ്രതിക്ക് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്ത സാഹചര്യത്തില്‍ പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിക്കാന്‍ പോക്‌സോ കോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ അഭിഭാഷകനെ തീരുമാനിക്കുന്ന കാര്യം ലീഗല്‍ അഡൈ്വസറിക്ക് വിട്ടു. സലീമിനെതിരെ മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും വിചാരണാ നടപടികളാരംഭിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പോക്‌സോ കോടതിയില്‍ തന്നെയാണ് ഈ കേസിലും വിചാരണ നടക്കുന്നത്.

Similar News