മംഗളൂരു റെയില്‍വെ പൊലീസ് മലയാളിയെ ക്രൂരമായി മര്‍ദ്ദിച്ചു; ഒരു കാല്‍ മുറിച്ചുമാറ്റി
മംഗളൂരു: നീലേശ്വരം സ്വദേശിയായ റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മംഗളൂരു റെയില്‍വെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. നീലേശ്വരം അങ്കക്കളരിയിലെ പി.വി സുരേശനെ (54)യാണ് റെയില്‍വെ പൊലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഫെബ്രുവരി ഒന്നിനാണ് സംഭവം. മംഗളൂരുവിലെ മിലിട്ടറി കാന്റീനിലേക്ക് പോയ സുരേശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെ ബെഞ്ചില്‍ കിടന്നിരുന്നു. ഈ സമയം അവിടേക്ക് വന്ന റെയില്‍വെ പൊലീസുകാര്‍ ബെഞ്ചില്‍ കിടക്കരുതെന്ന് സുരേശനെ അറിയിച്ച ശേഷം തിരിച്ചുപോയി. കുറച്ചുകഴിഞ്ഞ് വീണ്ടും വന്ന പൊലീസുകാര്‍ സുരേശന്‍ കിടക്കുന്നത് കണ്ട് പ്രകോപിതരാവുകയും ജവാന്റെ കാല്‍പ്പാദത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതോടെ ബോധരഹിതനായ സുരേഷ് പിറ്റേദിവസം ബോധമുണര്‍ന്നപ്പോള്‍ മകള്‍ ഹൃദ്യയെ ഫോണില്‍ വിളിച്ചു. ഹൃദ്യ മംഗളൂരു റെയില്‍വെ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു. പൊലീസാണ് സുരേശനെ അവശനിലയില്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. ഹൃദ്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുരേശനെ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ജയശ്രീയും മകള്‍ ഹൃദ്യയും മംഗളൂരുവിലേക്ക് പോവുകയും സുരേശനെ ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിക്കുകയും ചെയ്തു. റെയില്‍വെ പൊലീസ് മര്‍ദ്ദിച്ച കാര്യം ഇവരെ അറിയിച്ചിരുന്നില്ല.
പിറ്റേദിവസം സുരേശന്റെ കാലില്‍ നീര് വന്നതോടെ നീലേശ്വരം താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് റെയില്‍വെ പൊലീസിന്റെ മര്‍ദ്ദനമേറ്റ കാര്യം സുരേശന്‍ വെളിപ്പെടുത്തിയത്. അപ്പോഴേക്കും കാലിന്റെ മസില്‍ തകര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കാല് മുറിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ സുരേശന്റെ പിതൃസഹോദരി പുത്രനായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പി.വി ദിനേശനുമായി ബന്ധപ്പെട്ടു. ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗളൂരു പൊലീസ് കേസെടുത്തു.