തദ്ദേശ സ്ഥാപനങ്ങളില്‍ മുസ്ലിംലീഗിന്റെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരെ നാളെ പ്രഖ്യാപിക്കും

Update: 2025-12-24 09:35 GMT

കാസര്‍കോട്: മുസ്ലിംലീഗിന് ഭൂരിപക്ഷം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, നഗരസഭയിലേക്കുള്ള പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വിവിധ സ്ഥലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനമെടുക്കാന്‍ മണ്ഡലം, ജില്ല പാര്‍ലമെന്റ് ബോര്‍ഡുകള്‍ക്കാണ് വിട്ടിറ്റുള്ളത്. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകളിലെയും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ അടക്കം തര്‍ക്കം നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം മേല്‍കമ്മിറ്റിക്ക് വിട്ടത്. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണായി ഷാഹിന സലീമിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്തെങ്കിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് പേരുകളുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ അബ്ദുല്ല കുഞ്ഞി ചെര്‍ക്കളയുടെ പേരിനാണ് മുന്‍ഗണനയുള്ളത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് പേരുകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുള്ളത്. മംഗല്‍പാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലും പ്രസിഡണ്ട് സംബന്ധിച്ച് തര്‍ക്കമുണ്ട്. മൊഗ്രാല്‍ പുത്തൂരില്‍ മുന്‍ പ്രസിഡണ്ട് കെ.എ അബ്ദുല്ല കുഞ്ഞി പ്രസിഡണ്ടാവും. ഇവിടെ വൈസ് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച് തര്‍ക്കമുള്ളതായി അറിയുന്നു. പട്ടികജാതി സംവരണമായ ചെങ്കള പഞ്ചായത്തില്‍ വസന്തന്‍ അജക്കോട് പ്രസിഡണ്ടാവും. മുളിയാറില്‍ കെ.ബി മുഹമ്മദ് കുഞ്ഞി പ്രസിഡണ്ടാവും.

Similar News