മനുഷ്യന്റെ ആര്‍ത്തിയാണ് ദുരന്തം വിളിച്ചുവരുത്തുന്നത് -ഡോ. അംബികാസുതന്‍ മാങ്ങാട്
കാഞ്ഞങ്ങാട്: വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കോട്ടഞ്ചേരി വനവിദ്യാലയത്തില്‍ സംഘടിപ്പിച്ച കുറിഞ്ഞി ഹരിത വനസാഹിത്യ സഹവാസ ക്യാമ്പ് സമാപിച്ചു. രണ്ടുനാള്‍ നീണ്ടുനിന്ന ക്യാമ്പ് പ്രശസ്ത എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ആര്‍ത്തിയാണ് ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നും നട്ടപ്പാതിരയ്ക്ക് കാട്ടുവഴിയില്‍ പെരുമ്പാമ്പിനെ കണ്ടാല്‍ പോലും ഫോറസ്റ്റുകാരെ വിളിക്കുന്നവരായി നാം മാറിയെന്നും രാത്രിയെങ്കിലും കാടിനെ അതിന്റെ അവകാശികള്‍ക്ക് വിട്ടുകൊടുക്കണമെന്നും കറന്നുകുടിക്കുകയാണ് നാം ചെയ്യേണ്ടതെന്നും അരിഞ്ഞ് കുടിക്കരുതെന്നുമുള്ള വടക്കന്‍ കേരളത്തിലെ തൊണ്ടച്ഛന്‍ തെയ്യത്തിന്റെ വാചാലം നാം മറന്നുപോകരുതെന്നും ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് പാടേണ്ടത് ഹൃദയം കൊണ്ടാണെന്നും ഞാനെന്റെ ഭയങ്ങളെ, അസ്വാസ്ഥ്യങ്ങളെയാണ് എഴുതുന്നതെന്നും അവ എത്ര പെട്ടെന്നാണ് പിന്നീട് സംഭവിക്കുന്നതെന്ന് എന്ന് പ്രാണവായുവും ചിന്നമുണ്ടിയും വരിക്കച്ചക്കയുടെ മണവും ഒക്കെ സംഭവിച്ചത് എന്നും അദ്ദേഹം ക്യാമ്പില്‍ ഓര്‍മ്മപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കവിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ പ്രമോദ് ജി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി. ബിജു, കെ.അഷ്‌റഫ്, സി. രാജന്‍, സോളമന്‍ ടി.ജി, പി. രതീശന്‍, കെ. ഗിരീഷ്, കെ.ഇ. ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.