ഓടിക്കൊണ്ടിരുന്ന ഓട്ടോ തടഞ്ഞ് ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റില്‍;

By :  Sub Editor
Update: 2025-01-22 08:39 GMT

മൊഗ്രാല്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതിയെയും സുഹൃത്തിനെയും വധശ്രമക്കേസില്‍ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചൗക്കിയിലെ ഹബീബ് എന്ന അഭിലാഷ്(35), സുഹൃത്ത് കര്‍ണ്ണാടക ദേര്‍ളക്കട്ടയിലെ അഹമ്മദ് കബീര്‍(32) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊഗ്രാലിലെ ഓട്ടോ ഡ്രൈവര്‍ പെര്‍വാഡിലെ അബൂബക്കര്‍ സിദ്ദീഖിന്റെ പരാതിയിലാണ് കേസ്. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ മൊഗ്രാല്‍ സ്‌കൂള്‍ റോഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോക്ക് കുറുകെ പ്രതികള്‍ എത്തിയ വാന്‍ കുറകെയിട്ട് തടഞ്ഞുനിര്‍ത്തി കത്തി കൊണ്ടു കുത്താന്‍ ശ്രമിച്ചു. ഇതിനിടെ കത്തി കൈയില്‍ നിന്ന് വഴുതി വീഴുകയും അതിന് ശേഷം രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ശരീരത്തിന്റെ പല ഭാഗത്ത് കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. പത്ത് മാസം മുമ്പ് സമൂസ റഷീദിനെ കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപത്ത് വെച്ച് തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഭിലാഷെന്ന് പൊലീസ് പറഞ്ഞു. കാപ്പ കേസില്‍ ജയിലിലായിരുന്ന അഭിലാഷ് ഈയിടെയാണ് പുറത്തിറങ്ങിയത്. കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ അഭിലാഷിനെതിരെ നിലവിലുണ്ട്.

ഇന്നലെ രാത്രി ഓമ്നി വാനില്‍ കറങ്ങുന്നതിനിടെ പച്ചമ്പളയില്‍ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പുറമെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, മനു, കിഷോര്‍ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. ഇന്നുച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കേസന്വേഷണം അഡീഷണല്‍ എസ്.ഐ വിജയന് കൈമാറി.

Similar News