വൈദ്യുതി സബ് സ്റ്റേഷന് സമീപം പന്തലിച്ച് കാട്; ഭീതിയോടെ നാട്ടുകാര്‍
കാസര്‍കോട്: വിദ്യാനഗറില്‍ വൈദ്യുതി സബ് സ്റ്റേഷന് മുന്നില്‍ വളര്‍ന്നുപന്തലിച്ച് കാട്. ഏതെങ്കിലും ഒരാള്‍ അശ്രദ്ധയോടെ ചെറിയൊരു തീപ്പൊരി വലിച്ചെറിഞ്ഞാല്‍ മതി റോഡരികിലെ ഉണങ്ങിയ തൈകളില്‍ നിന്ന് തീ പടര്‍ന്ന് സബ് സ്റ്റേഷന്‍ കത്തിച്ചാമ്പലാവാന്‍.
വിദ്യാനഗറില്‍ നിന്ന് പടുവടുക്കത്തേക്ക് പോവുന്ന വഴിയിലാണ് റോഡരികില്‍ രണ്ടാള്‍ പൊക്കത്തില്‍ കാട് മൂടിക്കിടക്കുന്നത്. ഇത് വാഹനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും ഏറെ. അങ്ങിങ്ങായി കാട് ഉണങ്ങി കിടക്കുകയാണ്. വഴിയാത്രക്കാരോ വാഹനങ്ങളില്‍ കടന്നുപോവുന്നവരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ മതി, കാട് കത്തി തീ തൊട്ടടുത്തുള്ള വൈദ്യുതി സബ് സ്റ്റേഷനിലേക്ക് പടര്‍ന്നു കയറും. പിന്നെ സംഭവിക്കുന്നത് വലിയൊരു അപകടമായിരിക്കും. കാട് വെട്ടിത്തളിച്ച് സുരക്ഷിതത്വം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.