കുമ്പള: ഡി.വൈ.എഫ്.ഐ. പുത്തിഗെ മേഖലാ പ്രസിഡണ്ടും സി.പി.എം. കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറിയുമായ ഉദയകുമാറി(37)ന് കുത്തേറ്റു. ഇദ്ദേഹത്തെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗണേഷിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്നലെ രാത്രി ഏഴര മണിയോടെ പുത്തിഗെ മുണ്ടാന്തടുക്കയില്‍ കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന ഉദയകുമാറിനെ ഓട്ടോറിക്ഷയിലെത്തിയ പ്രതി കുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഉദയകുമാറിന്റെ വീട്ടിലെ കുടിവെള്ള ടാങ്ക് മോഷണം പോയ സംഭവത്തില്‍ ഗണേഷിനെ സംശയിക്കുന്നതായി ഉദയകുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.